കൊച്ചി - നടിയെ ആക്രമിച്ച കേസിൽ ഇതിനകം പലരും മൊഴി മാറ്റിയ പശ്ചാത്തലത്തിൽ കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവാര്യരുടെ തുടർ മൊഴി എന്താവും? ഈമാസം 16ന് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്ന ചോദ്യമാണിത്. എന്തായിരിക്കും മഞ്ജുവിന്റെ മൊഴി? പഴയതിൽ ഉറച്ചുനിൽക്കുമോ? അതോ മറ്റുള്ള പലരേയും പോലെ നടൻ ദിലീപിന് വക്കാലത്തുമായി രംഗത്തെത്തി കളംമാറി ഞെട്ടിക്കുമോ? എന്നടക്കമുള്ള ഉത്കണ്ഠ പലർക്കുമുണ്ട്.
നടൻ ദിലീപിന്റെ ഭാവിയിൽ ഏറെ നിർണായകമാവുന്ന മൊഴിയിൽ മഞ്ജു നടിക്കൊപ്പം തന്നെ നിൽക്കുമെന്നാണ് മഞ്ജുവാര്യരെ അറിയുന്നവരെല്ലാം തറപ്പിച്ചു പറയുന്നത്. എങ്കിലും ചിലർക്കെങ്കിലും അനിശ്ചിതത്വം മണക്കുന്നുണ്ട്.
കൊച്ചിയിൽ വച്ച് നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്. ആ നിലപാടിൽതന്നെയാണ് മഞ്ജു ഇപ്പോഴുമുള്ളതെന്നാണ് വിവരം. നേരത്തെ പോലീസിനും മജിസ്‌ട്രേറ്റിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെല്ലാം നൽകിയ മൊഴി കോടതിയിലും മഞ്ജു ആവർത്തിച്ചിരുന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് സംശയമേതുമില്ലാതെ മഞ്ജു മുൻ മൊഴികളിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ കേസന്വേഷണത്തിൽ ഏറെ ശക്തമായ മൊഴി കൂടിയായി മഞ്ജുവിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിൽ, പ്രോസിക്യൂഷന്റെ വാദം തന്നെയും മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. അതിനാൽ അതിനെ ദുർബലപ്പെടുത്തുന്നതൊന്നും മഞ്ജുവിൽനിന്നും ഉണ്ടാകില്ലെന്നാണ് കേസിൽ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്നത്.
നടൻ ദിലീപും നടി കാവ്യാ മാധവനും തമ്മിലുള്ള ബന്ധം മഞ്ജുവിനെ ആക്രമണത്തിനിരയായ നടി അറിയിച്ചതാണ് അവർക്കെതിരെ ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണ് പ്രോസിക്യുൂഷൻ വാദം. ഇത് തെളിയിക്കാനാണ് കേസിൽ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത്. തന്റെ മുൻ ഭർത്താവിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ ഉറച്ചുനിന്ന മഞ്ജു വാര്യർ തുടർന്നും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നില്ക്കുമെന്നാണ് പൊതുവേ കരുതുന്നത്. എന്നാൽ കേസിലെ മറ്റു പല സാക്ഷികളെയും സ്വാധീനിച്ച പോലെ മഞ്ജുവിനെയും വളക്കാനുള്ള സാധ്യതകളിലാണ് പലരും സമൂഹമാധ്യമങ്ങളിലും മറ്റും ആശങ്ക ഉയർത്തുന്നത്.
'ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു ഞാൻ. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടു കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയുമുണ്ടായി. തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.
ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. തുടർന്ന് വീട്ടിൽ വഴക്കായി. അതിന്റെ പേരിൽ ദിലീപേട്ടന് പ്രസ്തുത നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17-നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.' തുടങ്ങിയ കാര്യങ്ങളാണ് മഞ്ജു നേരത്തെ പറഞ്ഞത്. തുടർന്നും അതിനെ ബലപ്പെടുത്തുന്ന മൊഴികൾ നിരത്തുമോ അതോ ദിലീപിന് സഹായകമായ നിലപാട് സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളീയ പൊതുസമൂഹം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)