മുംബൈ-മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രാദേശിക ഭൂമി ഇടപാടുകാരനെതിരെ മഹാരാഷ്ട്ര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ചൊവ്വാഴ്ച എസ്‌യുവി ഇടിച്ച് ശശികാന്ത് വാരിഷെയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പന്തരിനാഥ് അംബര്‍ക്കര്‍ എന്ന ഭൂമി ഇടപാടുകാരനെയാണ് അറസ്റ്റ് ചെയ്തത്. മറാത്തി പത്രമായ മഹാനഗരി ടൈംസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന വാരിഷേയുടെ ഇരുചക്രവാഹനത്തിലാണ് എസ് യുവി ഇടിച്ചത്. രാജാപൂരിലെ പെട്രോള്‍ പമ്പില്‍വെച്ചായിരുന്നു സംഭവം.
നിര്‍ദിഷ്ട രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ പദ്ധതിയെക്കുറിച്ച് വാരിഷെയുടെ റിപ്പോര്‍ട്ട് പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം.
അനധികൃത ഭൂമി കൈയേറ്റങ്ങളില്‍ അംബര്‍ക്കറിന് പങ്കുണ്ടെന്നും എണ്ണ ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണത്തെ എതിര്‍ക്കുന്ന പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയെന്നും വാരിഷെ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
അംബര്‍ക്കര്‍ പിന്തുണച്ച കോടിക്കണക്കിന് ഡോളറിന്റെ പദ്ധതി പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു. തീരദേശ കൊങ്കണിലെ രത്‌നഗിരി ജില്ലയിലെ നാനാര്‍ ഗ്രാമത്തില്‍ മുമ്പ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ പദ്ധതി 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഉപേക്ഷിച്ചതായിരുന്നു. മറ്റൊരിടത്ത് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സൂചന നല്‍കിയിരുന്നു.
ബര്‍സുവിലെ പെട്രോളിയം റിഫൈനറിക്കെതിരായ പ്രാദേശിക പ്രതിരോധം ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകളുടെ ഒരു പരമ്പര വാരിഷെ എഴുതിയിരുന്നുവെന്ന് മുംബൈ പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി.
പ്രാദേശിക ഭൂമാഫിയയുടെ നേതാവാണ് അംബര്‍ക്കറെന്നും നിര്‍ദിഷ്ട റിഫൈനറിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നടപടി വേണമെന്നും മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)