Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാല്‍ താന്‍ തകരില്ല, ചിലര്‍ക്ക് നിരാശ - പ്രധാനമന്ത്രി

ന്യൂദല്‍ഹി : പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഹുല്‍ ഗാന്ധിക്ക് നേരെയും പേരെടുത്തു പറയാതെ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.  ബി ജെ പി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും പറഞ്ഞ മോഡി യു പി എ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും  കുറ്റപ്പെടുത്തി. പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാല്‍ ഞാന്‍ തകരില്ല. ഇന്ത്യയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് നിരാശയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പേരെടുത്ത് പറയാതെ മോഡി വിമര്‍ശനം ഉന്നയിച്ചു. ലോക്‌സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്ന് മോദി പറഞ്ഞു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. എന്താണ് ഇദ്ദേഹത്തിന്റെ വിചാരം? ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാള്‍ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമര്‍ശിച്ചില്ല വെറുപ്പിന്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. ബി ആര്‍ എസ് അംഗങ്ങള്‍ പസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളും സഭവിട്ടു. പ്രസംഗം ബഹിഷ്‌കരിക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഡി എം കെ, എന്‍ സി പി, തൃണമൂല്‍ എംപിമാര്‍ സഭയില്‍ തുടര്‍ന്നു. അദാനി വിവാദത്തില്‍ ജെ പി സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഇറങ്ങി പോയ കോണ്‍ഗ്രസ് എംപിമാര്‍ പിന്നീട് സഭയിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസ് നിരയില്‍ ആദ്യമെത്തിയത്. ശശി തരൂരായിരുന്നു. സഭയിലേക്ക് തിരിച്ചെത്തിയ തരൂരിന് മോദി നന്ദി  പറഞ്ഞു. പിന്നാലെ കാര്‍ത്തി ചിദംബരവും സഭയിലെത്തി. വൈകാതെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും മടങ്ങിയെത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News