Sorry, you need to enable JavaScript to visit this website.

എൻ.ഐ.എക്ക് തിരിച്ചടി; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി- പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നൽകിയ അപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. ജാമ്യം റദ്ദാക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം പാലയാട് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമടം പോലീസ് കേസെടുത്തു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നായിരുന്നു എൻ.ഐ.എ വാദം

മറ്റു കേസുകളിൽ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമടം പോലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്ന് കേരള പോലീസും കോടതിക്ക് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് എൻ.ഐ.എ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയന്നയിച്ചത്. റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫെയ്‌സ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നും എൻ.ഐ.എ വാദിച്ചു. അലൻ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ മറ്റ് ഇടപെടലുകളും എൻ.ഐ.എ ജാമ്യം റദ്ദാക്കാനായി ചൂണ്ടിക്കാട്ടി. 
മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളിൽ ഉൾപ്പെടുകയോ ചെയ്യരുത് എന്നതായിരുന്നു യു.എ.പി.എ കേസിൽ അലനുള്ള ജാമ്യ വ്യവസ്ഥകളിൽ ഒന്ന്. എന്നാൽ ഇതിന് വിരുദ്ധമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന എൻ.ഐ.എയുടെ വാദം കോടതി തള്ളി. 2019 നവംബർ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളുമായി അലനും സുഹൃത്ത് താഹയും പിടിയിലായത്.
 

Latest News