ന്യൂദൽഹി- കമിതാക്കളുടെ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 പശുവിനെ കെട്ടിപ്പിടിക്കൽ ദിനമായി ആചരിക്കാൻ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൗ ഡേ ആചരിക്കാനായി സർക്കുലറും പുറത്തിറക്കി. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്ന് വിശദീകരിക്കുന്ന സർക്കുലറിൽ, കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് 'കൗ ഹഗ് ഡേ' ആചരിക്കാനുള്ള ആഹ്വാനമെന്നും വ്യക്തമാക്കുന്നു.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണം- സർക്കുലർ വ്യക്തമാക്കുന്നു.