Sorry, you need to enable JavaScript to visit this website.

പ്രതിഷേധം കൊണ്ട് കാര്യമുണ്ടായില്ല, ബജറ്റിലെ ഇന്ധന സെസ് അടക്കം ഒരു നികുതിയും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ കൂട്ടിയ നികുതികളൊന്നും തന്നെ പിന്‍വലിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.  പ്രതിപക്ഷം ഉന്നയിച്ച  വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് നികുതി വര്‍ധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചത്. ഇതില്‍ തൃപ്തരാകാതെ ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചതും അടക്കം എല്ലാ നികുതി വര്‍ധനവും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറയുന്നത് ന്യായീകരിക്കാനാണോ പ്രതിപക്ഷം ഇരിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രതികരണങ്ങള്‍ക്കുള്ള മറുപടിയില്‍ ചോദിച്ചു, കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത്  ഒരു യു ഡി എഫ് അംഗങ്ങള്‍ ന്യായീകരിക്കുകയാണ്. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയില്‍ നിന്ന് 6 കോടി രൂപയാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍  ഇപ്പോള്‍ ഉള്ള തുക തന്നെ കൊടുക്കാനാവാത്ത സ്ഥിതിയാണുള്ളത്.  
1
തദ്ദേശ നികുതികള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നതല്ല. മദ്യവില കഴിഞ്ഞ 2 വര്‍ഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്ക്ക് മുകളില്‍ 20 രൂപയും 1000 രൂപയ്ക്ക് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ആകെ വില്‍ക്കുന്ന നല്ലൊരു ഭാഗവും 500ന് താഴെയാണ്.   കേന്ദ്രം പെട്രോള്‍ വിലയില്‍ സംസ്ഥാനത്ത് നിന്ന് 20 രൂപയാണ് എടുക്കുന്നത്.  7500 കോടി കേന്ദ്രം ഇന്ധനത്തില്‍ പിരിക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ പിരിക്കാം എന്ന ന്യായം വെച്ചാണ് പിരിവ്. സംസ്ഥാനം കൂട്ടിയപ്പോള്‍ വലിയ പ്രതിഷേധം നടക്കുന്നു. ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് പുന:പരിശോധിക്കുമെന്ന് നേരത്തെ ഇടതുമുന്നണി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ അത്  നികുതി കുറച്ചാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിജയമാകുമെന്ന വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് ബജറ്റിലെ മികുതി നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

Latest News