- പ്രവാസിയുടെ മരണത്തിൽ നോവുന്ന കുറിപ്പുമായി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി
അജ്മാൻ / കോഴിക്കോട് - മക്കളുടെ വിവാഹം ഏതൊരു പ്രവാസിയും നാട്ടിലെത്താൻ കൊതിക്കുന്ന നിർണായക നിമിഷങ്ങളാണ്. എത്ര കഷ്ടപ്പെട്ടാലും മക്കളെ അതൊന്നും അറിയിക്കാതെ നീറി നീറി പുകഞ്ഞാണ് ഓരോ പ്രവാസിയും വിട്ടിലെ ഓരോ മുഹൂർത്തങ്ങളും ജീവിതത്തിലെ അവാച്യമായ അനുഭവങ്ങളാക്കാറ്. പക്ഷേ, ജോലി സാഹചര്യങ്ങൾ കാരണം മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ കഴിയാതെ പോയ, അല്ല, മകളുടെ കല്യാണമുഹൂർത്തത്തിൽ കുടുംബക്കാർ ആരും അറിയാതെ പോയ ഒരു പ്രവാസി പിതാവ് തണുത്ത് വിറങ്ങലിച്ച് മോർച്ചറിയിൽ കഴിയേണ്ടിവന്നതിന്റെ വേദനയേറുന്ന അനുഭവമാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി എഫ്.ബിയിൽ കുറിച്ചത്.
തന്റെ പ്രിയപ്പെട്ട പൊന്നോമന മകളുടെ വിവാഹ ദിവസം പിതാവ് മോർച്ചറിയിൽ കിടക്കേണ്ടി വന്ന കരളലിയിക്കുന്ന വേദനാനിർഭരമായ കുറിപ്പാണത്. വിവാഹത്തിന് ആവശ്യമായതെല്ലാം ചെയ്തിട്ടും കാത്തുകാത്തിരുന്ന ആ സ്വപ്ന നാളിൽ നാട്ടിലെത്താനായില്ല. ഞായറാഴ്ചയിലെ വിവാഹത്തിന് മുമ്പേ വെള്ളിയാഴ്ച തന്നെ പിതാവ് ലോകത്തോട് വിടപറഞ്ഞു. പക്ഷേ, ഇക്കാര്യം സുഹൃത്തുക്കൾ ആരും വീട്ടിലറിയിച്ചില്ല. വിവാഹം നിശ്ചിതസമയത്ത് ഭംഗിയായി നടന്നു. ശേഷം മരണവിവരം നാട്ടിലറിയിക്കുകയായിരുന്നു. സ്‌നേഹിക്കുന്നവർക്കെല്ലാം സന്തോഷം നൽകി സ്വന്തം സ്വപ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം ഉള്ളിലൊതുക്കി കഴിയുന്ന പ്രവാസികളുടെ നോവിന്റെ ഒരായിരം സങ്കടങ്ങളിൽ ഒന്നാവുകയാണ് ഈ കുറിപ്പും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ് നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഒരാളുടെ ബന്ധപ്പെട്ടവർ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാൻ അയാളുടെ വിവരങ്ങൾ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയിൽ ചോര നീരാക്കുന്ന പച്ചയായ മനുഷ്യൻ. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച.
നാട്ടിലേക്ക് പോയി വിവാഹം കൂടാൻ നിലവിലെ സാഹചര്യങ്ങൾ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങൾ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങൾ ഒത്തുവന്നാൽ എത്തിച്ചേരാം എന്ന് വാക്കും നല്കിയിരുന്നു. എന്ത് ചെയ്യാൻ കഴിയും, വിധി സാഹചര്യങ്ങൾ ഒരുക്കിയില്ല.
തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ കേട്ടറിഞ്ഞു. പൂതി മനസ്സിൽ മറവു ചെയ്ത് തന്റെ ജോലിയിൽ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂർത്തത്തിൽ ഈ പ്രിയപ്പെട്ട പിതാവ് മോർച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോർച്ചറിയിലെ പെട്ടിയിൽ.
വിവാഹത്തിനു രണ്ട് ദിവസം മുൻപ് അതായത്, ഞായറാഴ്ച വിവാഹം നടക്കുമ്പോൾ വെള്ളിയാഴ്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി..... പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താൻ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തിൽ എല്ലാവരും പങ്കെടുക്കുമ്പോൾ തനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയതിൽ വിഷമിച്ചിട്ടാണോ എന്നറിയില്ല, പാവം പ്രവാസിയുടെ ഹൃദയം നിലച്ചുപോയി.
സന്തോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാൻ ആർക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂർത്തത്തിൽ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാനാകാതെ അയാൾ നിശ്ചലമായി മോർച്ചറിയിൽ വിശ്രമിക്കുകയായിരുന്നു.