ഇസ്തംബൂൾ / ദമസ്‌കസ് - ഭൂകമ്പം നക്കിത്തുടച്ച തുർക്കിയിലെയും സിറിയയിലെയും മരണസംഖ്യ 8000ത്തിന് മുകളിൽ. ഇപ്പോഴും ആയിരങ്ങൾ നിലംപൊത്തിയ വിവിധ കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങുക്കിടക്കുകയാണ്. ജീവനായുള്ള നിലവിളി, ഉറ്റവരെ നഷ്ടമായവരുടെ തേങ്ങൽ, കടുത്ത പ്രതികൂല കാലാവസ്ഥയിലും ഭൂകമ്പം തകർത്താടിയ മണ്ണിൽ ആരുടെയും ഹൃദയം പൊള്ളിക്കുന്ന കാഴ്ചകൾ തുടരുകയാണ്. ആദ്യദിവസത്തെ തുടർച്ചയായ മൂന്ന് ഭൂ ചലനങ്ങൾ മാറ്റിനിർത്തിയാൽ ഇപ്പോൾ ഭൂ ചലനം ഇല്ലെന്നത് മാത്രമാണ് രക്ഷാപ്രവർത്തകർക്കുള്ള ആശ്വാസം.
കടുത്ത മഞ്ഞുവീഴ്ചയും മഴയും തുടരുമ്പോഴും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ടവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പല ദുരന്ത പ്രദേശങ്ങളിലും എത്താനായിട്ടില്ലെന്നാണ് വിവരം. കൊടും തണുപ്പിനു പുറമെ കനത്ത മഴയും മഞ്ഞും, റോഡ്, വൈദ്യുതി ബന്ധങ്ങൾ തകർന്നതും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമുണ്ടാക്കുന്നുണ്ട്.
തുർക്കിയിൽ 5,835 പേരും സിറിയയിൽ 2166 പേരും മരിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകളിലുള്ളത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ വീണ്ടും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ റെഡ് ക്രസന്റും അഭ്യർത്ഥിച്ചിട്ടുണ്ട്. പതിനായിരങ്ങളാണ് ഇരു രാജ്യങ്ങളിലുമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
അതിനിടെ, ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ തുർക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ മൂന്നുമാസം നിലനിൽക്കുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
76 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു പറഞ്ഞു. ദു:ഖസൂചകമായി ദൽഹിയിലെ തുർക്കി എംബസിയിൽ പതാക പകുതി താഴ്ത്തിക്കെട്ടി. ഇന്ത്യയുടെ ദുരിതാശ്വാസ സഹായവുമായുള്ള വ്യോമസേനയുടെ രണ്ടാമത്തെ സി17 വിമാനവും തുർക്കിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ രാഷ്ട്രങ്ങളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നുമുള്ള സഹായങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള സന്നദ്ധ പ്രവർത്തകരും ഇതിനകം ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)