Sorry, you need to enable JavaScript to visit this website.

കൊടുവള്ളിയിൽ വീടിന്റെ ടെറസിൽ സ്വർണം ഉരുക്കൽ; ഏഴര കിലോ സ്വർണവും 13.5 ലക്ഷവും പിടികൂടി

- റവന്യൂ ഇന്റലിജൻസ് റെയ്ഡിൽ ജ്വല്ലറി ഉടമയും വീട്ടുടമയും അടക്കം നാലുപേർ അറസ്റ്റിൽ

(കൊടുവള്ളി) കോഴിക്കോട് - വീടിന്റെ ടെറസിൽ വച്ച് സ്വർണം ഉരുക്കുന്നതിനിടെ നാലു പേരെ റവന്യൂ ഇന്റലിജൻസ് സംഘം പിടികൂടി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം. എഴര കിലോയോളം സ്വർണവും 13.5 ലക്ഷം രൂപയും ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) സംഘം പിടികൂടി. പിടികൂടിയ സ്വർണത്തിന് ഏകദേശം 4.11 കോടി രൂപ വിലവരുമെന്നാണ് നിഗമനം. 
 വീടിന്റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കമുള്ളവരാണ് പിടിയിലായത്. സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കള്ളക്കടത്തു സംഘത്തെ പൊക്കിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊടുവള്ളിയിലെ ഒരു വീടിന്റെ ടെറസിൽ വച്ചായിരുന്നു ഇവർ സ്വർണം ഉരുക്കിയിരുന്നത്. സ്വർണ്ണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജാഫർ കൊടുവള്ളി, മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ് തുടങ്ങിയ നാലുപേരാണ് അറിസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ കൊച്ചി യൂണിറ്റിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പല രൂപങ്ങളിലെത്തുന്ന കള്ളക്കടത്ത് സ്വർണ്ണം ഈ കേന്ദ്രത്തിലെത്തിച്ച് ഉരുക്കിയ ശേഷം തിരികെ നല്കുകയാണത്രെ പതിവ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

കുട്ടികളെയും ഗർഭിണികളെയും വലച്ച് എയർ ഇന്ത്യ സർവീസ്; വട്ടം കറക്കിയത് 20ഉം 38ഉം മണിക്കൂർ

ദുബൈ / കരിപ്പൂർ - കാരണങ്ങൾ പലതുണ്ടെങ്കിലും ഗർഭിണികളും കുട്ടികളും അടക്കമുള്ള വിമാനയാത്രക്കാരെ വട്ടം കറക്കുന്നത് തുടരുകയാണ് എയർ ഇന്ത്യ സർവീസ്. ഏറ്റവും ഒടുവിൽ ദുബൈയിൽനിന്ന് കോഴിക്കോട്ട് എത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നത് 20 മണിക്കൂർ വൈകിയാണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. 
 വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ IX346 വിമാനം സാങ്കേതിക തകരാറാണ് കാരണം ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ദുബൈയിൽനിന്ന് പറന്നുയർന്നത്. നൂറ്റമ്പതോളം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിയത്. വിമാനത്തിലേക്കുള്ള യാത്രക്കാർ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം രാത്രിയേ പുറപ്പെടൂ എന്നറിയിപ്പുണ്ടായത്. ഇതോടെ യാത്രക്കാരെ രാത്രി ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിൽ എത്തിയപ്പോൾ വിമാനം പുലർച്ചെ മൂന്നിന് പുറപ്പെടുമെന്നും യാത്രക്കാർ രാത്രി 12ന് റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പ് വന്നു. ഇതോടെ ചെറിയ കുട്ടികളും പ്രായമായവരും ഗർഭിണികളും അടക്കം വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു. പുലർച്ചെ മൂന്നുമണിയായിട്ടും പുറപ്പെടാത്തത് ചോദ്യംചെയ്തപ്പോൾ നാലിന് പോകുമെന്നായി അടുത്ത അറിയിപ്പ്. പിന്നീട് പലതവണയായി പല സമയം പറഞ്ഞെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് കൊച്ചു കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. അവസാനം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.30നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. യാത്രക്കാർ ഇത് ചോദ്യംചെയ്‌തെങ്കിലും ഇതിലൊന്നും അധികൃതർക്ക് കുലുക്കമില്ലെന്ന മട്ടിലാണ് പ്രതികരണം. യാത്ര അനിശ്ചിതമായി നീണ്ടുപോയി യാത്രക്കാരെ ബുദ്ധിമുട്ടിക്കുമ്പോഴും ഭക്ഷണംപോലും ശരിയാംവിധം കിട്ടിയില്ലെന്നും പരാതിയുണ്ട്.
 എയർ ഇന്ത്യയുടെ വിമാനം ഈ ആഴ്ച മാത്രം മൂന്നു തവണയാണ് വൈകിയത്. വെള്ളിയാഴ്ച അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് 45 മിനിട്ടിനുശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ 188 യാത്രക്കാരെ പിന്നീട് പല വിമാനങ്ങളിലായാണ് നാട്ടിലെത്തിച്ചത്. അതും മണിക്കൂറുകൾ വൈകി. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം ഒരു മണിക്കൂർ പറന്നശേഷം തിരിച്ചിറക്കിയിരുന്നു. ഇതിലെ യാത്രക്കാരെ 38 മണിക്കൂറിനു ശേഷമാണ് നാട്ടിലേക്ക് അയച്ചതെന്നും അനുഭവസ്ഥർ പറയുന്നു. 
 സാങ്കേതിക പ്രശ്‌നങ്ങളും എമർജൻസി ലാൻഡിംഗ് അടക്കമുള്ള ചില അപ്രതീക്ഷിത സാഹചര്യങ്ങളും തിരിച്ചറിയുമ്പോഴും യാത്രക്കാരുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണ് എയർ ഇന്ത്യ അധികൃതരെന്ന് യാത്രക്കാർ പറയുന്നു. വിമാനം മണിക്കൂറുകൾ വൈകുമ്പോഴും ബദൽ സംവിധാനങ്ങളൊരുക്കി യാത്രക്കാരെ യഥാസമയം, കാര്യമായ പ്രയാസങ്ങളില്ലാതെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും എയർ ഇന്ത്യയിൽനിന്ന് ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ വിമർശം.

Latest News