ന്യൂദല്‍ഹി- വിചാരണക്ക് മുമ്പുള്ള തടവ് അനുവദിക്കുന്ന ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും ദിവസേന നടക്കുന്ന നിയമത്തിന്റെ ദുരുപയോഗത്തിന് സുപ്രീം കോടതി അറുതി വരുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 2019 ലെ ജാമിയ നഗര്‍ അക്രമക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും മറ്റു 10 പേരെയും ദല്‍ഹി കോടതി വിട്ടയച്ചതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.
സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ ഷര്‍ജീല്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരുള്‍പ്പെടെ 11 പേരെ ശനിയാഴ്ച കോടതി വെറുതെവിട്ടിരുന്നു. ജാമിയ നഗര്‍ അക്രമ കേസില്‍ പോലീസ് ഇവരെ ബലിയാടാക്കിയെന്നാണ് കോടതി വ്യക്തമാക്കിയത്.
പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നോ എന്ന് ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
ചിലര്‍ മൂന്ന് വര്‍ഷത്തോളമാണ് ജയിലില്‍ കിടന്നത്. ചിലര്‍ക്ക് ജാമ്യം ലഭിക്കാന്‍ മാസങ്ങളെടുത്തു. വിചാരണക്കുമുമ്പ് പൗരന്മാരെ ജയിലില്‍ അടയ്ക്കുന്നതിന് ഉത്തരവാദിത്തമില്ലാത്ത പോലീസും പ്രോസിക്യൂട്ടര്‍മാരും ഉത്തരവാദികളാണ്. അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും? ചിദംബരം ചോദിച്ചു.
കഴിവുകെട്ട പോലീസും അമിതാവേശമുള്ള പ്രോസിക്യൂട്ടര്മാരുമാണ് വിചാരണയ്ക്ക് മുമ്പ് പൗരന്മാരെ ജയിലില്‍ അടക്കുന്നത്. ദിവസേന നടക്കുന്ന ഈ നിയമ ദുരുപയോഗം സുപ്രീം കോടതി എത്രയും വേഗം അവസാനിപ്പിക്കുമോ അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ ജയിലില്‍ കഴിഞ്ഞ മാസങ്ങളോ വര്‍ഷങ്ങളോ ആരാണ് തിരികെ നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.
പതിഷേധ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നല്ലാതെ കുറ്റാരോപിതര്ക്കതിരെ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഡിസംബറില്‍ ജാമിയ നഗര്‍ പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
2019 ഡിസംബര്‍ 13ന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു ഷര്‍ജീല്‍ ഇമാമിനെതിരായ ആരോപണം. സ്ഥലത്ത് നിരവധി പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നുവെന്നും ജനക്കൂട്ടത്തിനുള്ളിലെ ചില സാമൂഹിക വിരുദ്ധര്‍ കുഴപ്പത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കാമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുള്‍ വര്‍മ്മ ചൂണ്ടിക്കാട്ടിയിരുന്നു.
2020ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതിയായതിനാല്‍ ഷര്‍ജീല്‍ ഇമം ജയിലില്‍ തുടരുകയാണ്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)