ചെന്നൈ- ബി.ജെ.പി നേതാവായ അഭിഭാഷക വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍നിന്നുള്ള ഒരു സംഘം അഭിഭാഷകര്‍ രാഷ്ട്രപതിക്കും സുപ്രീം കോടതി കൊളീജിയത്തിനും നിവേദനം അയച്ചു. മഹിളാമോര്‍ച്ചാ നേതാവും അഭിഭാഷകയുമായ വിക്ടോറിയ ഗൗരിയെ ജഡ്ജിമാരില്‍ ഒരാളായി ഉയര്‍ത്താനുള്ള ശുപാര്‍ശക്കെതിരെ ആശങ്കകള്‍ അറിയിച്ചുകൊണ്ടുള്ളതാണ് നിവേദനം.
മദ്രാസ് ഹൈക്കോടതിയിലെ അഞ്ച് അഭിഭാഷകരായ വെങ്കിട്ടാചാരി ലക്ഷ്മിനാരായണന്‍, ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി, പിള്ളപ്പാക്കം ബഹുകുടുമ്പി ബാലാജി, രാമസ്വാമി നീലകണ്ഠന്‍, കന്ദസാമി കുളന്തൈവേലു രാമകൃഷ്ണന്‍ എന്നിവരെ ജഡ്ജിമാരായി ഉയര്‍ത്താന്‍ കഴിഞ്ഞ ജനുവരി 17 ന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയാണ് വിക്ടോറിയ ഗൗരി. ഇവരെ ഉയര്‍ത്താനുള്ള ശുപാര്‍ശ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടത്തുന്നതാണെന്ന് ഗൗരി നേരത്തെ നല്‍കിയ രണ്ട് അഭിമുഖങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ നിവേദനത്തില്‍ പറഞ്ഞു. അഭിമുഖ വീഡിയോയില്‍ ഗൗരി ക്രിസ്ത്യാനികള്‍ക്കെതിരെ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമായ വാക്കുകളാണ് പറയുന്നത്. ലോക തലത്തില്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകളേക്കാള്‍ ഇസ്ലാമിക ഗ്രൂപ്പാണ് കൂടുതല്‍ അപകടമെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇസ്ലാമിക ഗ്രൂപ്പുകളേക്കാള്‍ അപകടകരമാണ് ക്രിസ്ത്യന്‍ ഗ്രൂപ്പുകളെന്ന് അഭിഭാഷക പറയുന്നുണ്ട്. മതപരിവര്‍ത്തനത്തിന്റെയും ലൗ ജിഹാദിന്റെയും പശ്ചാത്തലത്തില്‍ രണ്ടും ഒരുപോലെ അപകടകരമാണ്.
തന്റെ കുടുംബാംഗം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിപരമായ അനുഭവവും അഭിഭാഷക വിശദീകരിക്കുന്നു. ജിഹാദി ഗ്രൂപ്പുകളില്‍ നിന്നുള്ള ബോംബാക്രമണങ്ങളേക്കാള്‍ അപകടരമാണ് ക്രിസ്ത്യന്‍ ദൈവശാസ്ത്ര ഗ്രൂപ്പുകള്‍ നടത്തുന്ന മതപരിവര്‍ത്തനമെന്നും ഗൗരി പറയുന്നുണ്ടെന്ന് അഭിഭാഷകര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)