ന്യൂദല്‍ഹി- അദാനി ഗ്രൂപ്പിന്റെ തട്ടിപ്പില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നു സംയുക്ത പ്രതിപക്ഷം. ഇല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണയോടെ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ച അദാനിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
അഭൂതപൂര്‍വമായ ഓഹരി തകര്‍ച്ചയ്ക്കു കാരണമായ അദാനിയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ കണ്ടെത്തലുകളെക്കുറിച്ചു നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായി സ്തംഭിച്ചു. ചര്‍ച്ച ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കള്‍ നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയങ്ങള്‍ ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ലയും രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗദീപ് ധന്‍കറും തള്ളി.
അന്വേഷണത്തിനു സംയുക്ത പാര്‍ലമെന്ററി സമിതിയെ (ജെപിസി) നിയോഗിക്കണമെന്നും ദിവസവും അന്വേഷണ പുരോഗതി അറിയിക്കുകയും വേണമെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജെപിസിയോ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള അന്വേഷണമോ അനിവാര്യമാണ്. സേറ്റ് ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും എല്‍ഐസിയും മറ്റും അദാനി ഗ്രൂപ്പ് കമ്പനികള്‍ തെരഞ്ഞെടുത്തു വന്‍നിക്ഷേപം നടത്തിയതിന്റെ സത്യാവസ്ഥ രാജ്യത്തെ ജനങ്ങള്‍ അറിയണമെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ പാര്‍ലമെന്റില്‍ നാളെയും പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ നേതാക്കളും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്നു രാവിലെ പാര്‍ലമെന്റ് സമ്മേളിച്ചയുടന്‍ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ ആദ്യം ഉച്ചകഴിഞ്ഞ് രണ്ടു വരെ പിരിഞ്ഞു. ഉച്ചകഴിഞ്ഞും പ്രതിഷേധം തുടര്‍ന്നതോടെ ഇരുസഭകളും പിരിയുകയായിരുന്നു.
'അമൃതകാലത്തെ മഹാ അഴിമതി'യെക്കുറിച്ചുള്ള സര്‍ക്കാര്‍ മൗനം പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥയാണു വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റിനു പുറത്തു വിജയ് ചൗക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അദാനിയുടെ തട്ടിപ്പിലും വഞ്ചനയിലും ഇന്ത്യന്‍ നിക്ഷേപകരുടെ പണമാണു നഷ്ടമായതെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടു പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ മൂല്യം 100 ബില്യണ്‍ ഡോളറില്‍ അധികം നഷ്ടമായി.
പാര്‍ലമെന്റില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെയുടെ മുറിയില്‍ രാവിലെ നടന്ന പ്രതിപക്ഷ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പങ്കെടുത്തതു ശ്രദ്ധേയമായി. കോണ്‍ഗ്രസിനു പുറമെ ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, ഐക്യ ജനതാദള്‍, എന്‍സിപി, സിപിഎം, സിപിഐ, ശിവസേന, ബിആര്‍എസ്, കേരള കോണ്‍ഗ്രസ്-എം തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തിനെത്തി. കെ.സി. വേണുഗോപാല്‍, എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴികാടന്‍ തുടങ്ങിയവരും പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തു.
അദാനി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, അനുരാഗ് താക്കൂര്‍, കിരണ്‍ റിജിജു എന്നിവരുമായി ചര്‍ച്ച ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)