റിയാദ് - സൗദി വിമാന കമ്പനികളുടെ ടിക്കറ്റിനൊപ്പം നേടുന്ന സൗജന്യ ട്രാന്‍സിറ്റ് വിസകളില്‍ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്ക് ഡ്രൈവിംഗ് അനുമതി ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാന്‍ ട്രാന്‍സിറ്റ് വിസക്കാരെ ഡ്രൈവിംഗ് ഓഥറൈസേഷന്‍ സേവനം അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ബിസിനസ് വഴി നല്‍കുന്ന ഈ സേവനം ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് എളുപ്പത്തില്‍ കാറുകള്‍ വാടകക്ക് നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളെ അനുവദിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
സൗദി സന്ദര്‍ശകര്‍ക്ക് സമയവും അധ്വാനവും ലാഭിക്കാന്‍ കഴിയുമെന്നത് പുതിയ സേവനത്തിന്റെ സവിശേഷതയാണ്. ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കാതെ തന്നെ വാഹനമോടിക്കാനുള്ള അനുമതി ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് ലഭിക്കും. സൗദി സന്ദര്‍ശകര്‍ക്ക് ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാന്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നതും പുതിയ സേവനത്തിന്റെ സവിശേഷതയാണെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.
മൂന്നു മാസ കാലാവധിയുള്ള സൗജന്യ ട്രാന്‍സിറ്റ് വിസയാണ് സൗദിയ, ഫ്‌ളൈ നാസ് യാത്രക്കാര്‍ക്ക് അനുവദിക്കുന്നത്. ഈ വിസയില്‍ 96 മണിക്കൂര്‍ നേരം രാജ്യത്ത് തങ്ങാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സാധിക്കും. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും ബിസിനസ് മീറ്റിംഗുകളിലും മറ്റു സാമൂഹിക, സാംസ്‌കാരിക, വിനോദ പരിപാടികളില്‍ പങ്കെടുക്കാനും ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് സാധിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)