Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഹൗസ് ഡ്രൈവർമാർക്ക് നിർബന്ധിത ഇൻഷുറൻസ്; പദ്ധതി തുടങ്ങി

റിയാദ് - ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തുടങ്ങി. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. സൗദി സെൻട്രൽ ബാങ്കുമായും നജും ഇൻഷുറൻസ് സർവീസ് കമ്പനിയുമായും സഹകരിച്ചാണ് വീട്ടുവേലക്കാരുടെ തൊഴിൽ കരാർ ഇൻഷുർ ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തൽ നിർബന്ധമല്ല. 
ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ഗാർഹിക തൊഴിലാളി മരണപ്പെടുകയോ ജോലി ചെയ്യാൻ അശക്തനായി മാറുകയോ പരിക്കേൽക്കുകയോ വിട്ടുമാറാത്ത ഗുരുതര രോഗം ബാധിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബദൽ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള ചെലവ് ഇൻഷുറൻസ് പോളിസി വഹിക്കും. ഗാർഹിക തൊഴിലാളി മരണപ്പെടുന്ന സന്ദർഭങ്ങളിൽ മൃതദേഹവും വ്യക്തിപരമായ വസ്തുക്കളും സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള ചെലവും ഇൻഷുറൻസ് പോളിസി വഹിക്കും. തൊഴിലാളി ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഇൻഷുറൻസ് പരിരക്ഷ പ്രകാരം തൊഴിലുടമക്ക് നഷ്ടപരിഹാരം ലഭിക്കും. 
അപകടം മൂലം പൂർണമായോ ഭാഗികമായോ അംഗവൈകല്യം നേരിടുന്ന തൊഴിലാളികൾക്ക് മാന്യമായ നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും. കൂടാതെ തൊഴിലുടമകളുടെ മരണം മൂലമോ സാമ്പത്തിക ശേഷിയില്ലായ്മ കാരണമോ വേതനം ലഭിക്കാത്ത സാഹചര്യങ്ങളിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരം നഷ്ടപരിഹാരം ലഭിക്കും. ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന വേലക്കാരികളെ പാർപ്പിക്കുന്ന അഭയകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ചെലവ് കുറക്കാനും ഇൻഷുറൻസ് പരിരക്ഷ സഹായിക്കും. 
സൗദി തൊഴിൽ വിപണിയുടെ ആകർഷണീയത വർധിപ്പിക്കൽ, റിക്രൂട്ട്‌മെന്റ് കരാറുകൾ ഒപ്പുവെക്കുന്നതിന് വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകൾ എളുപ്പമാക്കൽ, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്തൽ, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകട സാധ്യതകൾ കുറക്കൽ എന്നിവയെല്ലാം പുതിയ പദ്ധതിയുടെ നേട്ടങ്ങളാണ്.
 

Tags

Latest News