മുംബൈ- തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ തന്നെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചതും വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചതും വെളിപ്പെടുത്തി നടി ചാഹത്ത് ഖന്ന. തിഹാര്‍ ജയിലില്‍ എത്തിച്ചാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. കോടികളുടെ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന തട്ടിപ്പുവീരനാണ് സുകേഷ് ചന്ദ്രശേഖര്‍.
സുകേഷിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണം നിരവധി ബോളിവുഡ്, ടിവി സെലിബ്രിറ്റികളുമായുള്ള ബന്ധങ്ങളിലാണ് എത്തിയത്. അതിലൊരാളാണ് ചാഹത്ത് ഖന്ന. നിരവധി നടിമാരെ ഇ.ഡിയും പോലീസും ചോദ്യം ചെയ്തിരുന്നു.
ജയിലില്‍ വെച്ച് ചന്ദ്രശേഖര്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും ഫര്‍ഹാന്‍ മിര്‍സയുമായുള്ള തന്റെ വിവാഹത്തെ ആ കൂടിക്കാഴ്ച ബാധിച്ചുവെന്നും ചാഹത്ത് ഖന്ന പറയുന്നു. ഒരു പരിപാടിയുടെ പേരിലാണ് ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. നേരെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. എയ്ഞ്ചല്‍ ഖാന്‍ (പിങ്കി ഇറാനി) എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ് തന്നെ കൊണ്ടുപോകാന്‍ ഉണ്ടായിരുന്നത്. മുംബൈയില്‍നിന്നാണ് ദല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയത്.
തിഹാറിലെത്തിയപ്പോള്‍ സുകേഷിനെ കണ്ടു. ഒരു ഫാന്‍സി ഷര്‍ട്ട് ധരിച്ചിരുന്ന അയാള്‍ ധാരാളം പെര്‍ഫ്യൂം സ്‌പ്രേ ചെയ്തിരുന്നു. ഒരു സ്വര്‍ണ ചെയിനുമുണ്ടായിരുന്നു. ടിവി ചാനലിന്റെ ഉടമയാണെന്നും അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവനാണെന്നുമാണ് പരിചയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് ഇവിഎമ്മില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്റ്റിലായെങ്കിലും ജയിലില്‍ തനിക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും പറഞ്ഞു. എന്റെ ആരാധകനാണെന്നും ടിവി ഷോയായ ബഡേ അച്ചെ ലഗ്‌തേ ഹേ കണ്ടുവെന്നും അതുകൊണ്ടാണ് കാണാന്‍ ആഗ്രഹിച്ചതെന്നും പറഞ്ഞു.
ആറുമാസം പ്രായമായ കുഞ്ഞിനെ വീട്ടിലാക്കിയിട്ടാണ് വന്നതെന്നും എന്തിനാണ് ഇവിടേക്ക് വിളിച്ചതെന്നും ചോദിച്ചപ്പോള്‍ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മറുപടി. വിവാഹിതയാണെന്നും രണ്ട് കുട്ടികളുണ്ടെന്നും പറഞ്ഞപ്പോള്‍ ഭര്‍ത്താവ് അനുയോജ്യനല്ലെന്നും എന്റെ മക്കളുടെ പിതാവായിക്കൊള്ളാമെന്നുമാണ് പറഞ്ഞത്. താന്‍ കരഞ്ഞുപോയെങ്കിലും ആ കൂടിക്കാഴ്ച തന്റെ വിവാഹ ബന്ധത്തെ തന്നെ ബാധിച്ചു.
ആരോ എടുത്ത തീഹാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും ചാഹത്ത് ഖന്ന കൂട്ടിച്ചേര്‍ത്തു.
ഞാന്‍ നിസ്സഹായ ആയിരുന്നു. തിഹാര്‍ ജയിലിലാണെന്ന് ആരും അറിയരുതെന്ന് ആഗ്രഹിച്ചു. അത് എന്റെ വിവാഹത്തെ ബാധിക്കുമോ എന്ന ആശങ്കയും എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് പണം നല്‍കാന്‍ സമ്മതിച്ചത്. പക്ഷേ ഇത് എന്റെ വിവാഹത്തെ ബാധിച്ചു. ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞു. ഒരുപക്ഷേ ഞാന്‍ പോലീസിനെ സമീപിച്ച് പരാതി നല്‍കണമായിരുന്നു- അവര്‍ പറഞ്ഞു.
സുകേഷ് ചന്ദ്രശേഖറിനെതിരെയാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി തുടങ്ങി നിരവധി താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)