ലാല്‍ ചൗക്ക്- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രീനഗറിലെ ചരിത്ര നഗര കേന്ദ്രമായ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ രാജ്യമാകെ ആവേശമുയര്‍ത്തിയ ഭാരത് ജോഡോ യാത്ര സമാപിച്ചു. ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പാന്ത ചൗക്കില്‍ രാത്രി തങ്ങിയതിന് ശേഷമാണ് ഞായറാഴ്ച രാവിലെ രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.
ആവേശഭരിതരായ നിരവധി പ്രദേശവാസികള്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ പ്രായമായ സ്ത്രീകള്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു അനുഗ്രഹിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ മറ്റ് പാര്‍ട്ടികളിലെ പ്രാദേശിക പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം മാര്‍ച്ച് നടത്തി. വൈകിട്ട് ശ്രീനഗര്‍ നഗരത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടതെന്ന് പതാക ഉയര്‍ത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര, പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ശ്രീനഗറിലെ പാന്ത ചൗക്കില്‍ നിന്ന് രാവിലെ 10:45 ഓടെയാണ് രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ യാത്രയുടെ അവസാന ഘട്ടം പുനരാരംഭിച്ചത്. 'ജോഡോ ജോഡോ ഭാരത് ജോഡോ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എട്ട് കിലോമീറ്ററോളം നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവരെ വഴിയിലുടനീളം നാട്ടുകാര്‍ ആവേശത്തോടെ അഭിവാദ്യം ചെയ്തു.
ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിലൂടെ, ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് നിറവേറ്റിയത്. വെറുപ്പ് തോല്‍ക്കും, സ്‌നേഹം എപ്പോഴും വിജയിക്കും. ഇന്ത്യയില്‍ പ്രതീക്ഷകളുടെ ഒരു പുതിയ പ്രഭാതം ഉണ്ടാകും- പരിപാടിക്ക് ശേഷം ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)