ഗുവാഹത്തി- പത്താന്‍ സിനിമക്കെതിരായ സംഘ്പരിവാര്‍ ഭീഷണിയെ വെല്ലുവിളിച്ച് സിനിമയുടെ 120 ടിക്കറ്റ് വാങ്ങിയ ഷാരൂഖ് ഖാന്‍ ആരാധകന്‍ അസമില്‍ പോലീസ് കസ്റ്റഡിയില്‍.
അസമിലെ മംഗല്‍ദോയ് ജില്ലയില്‍ നിന്നുള്ള മുഫീദുല്‍ ഇസ്ലാമാണ് ബോളിവുഡിലെ രാജാവിനോട് തന്റെ പ്രണയം പ്രകടിപ്പിച്ചതിന് കുടുങ്ങയത്. മംഗല്‍ദോയ് ജില്ലയിലെ ധൂല പോലീസാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഫീദിനെ കസ്റ്റഡിയിലെടുത്തത്.
മതവികാരം ഉയര്‍ത്തി സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത സംഘ്പരിവാറിനെ വെല്ലുവിളിച്ചാണ് നോര്‍ത്ത് ഈസ്റ്റ് മൈനോറിറ്റീസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍ഇഎംഎസ്‌യു) നേതാവ് കൂടിയായ മുഫീദ് പത്താന്‍ സിനിമയുടെ 120 ടിക്കറ്റുകള്‍ വാങ്ങിയത്.
പ്രദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുമെന്ന് ഭയന്നാണ് മുഫീദുല്‍ ഇസ്‌ലാമിനെ ധൂല പോലീസ് സ്‌റ്റേഷനില്‍ കസ്റ്റിഡിയില്‍ വെച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മംഗള്‍ദോയ് ഡ്രീം തിയറ്ററില്‍ നിന്ന് 120 ടിക്കറ്റുകള്‍ വാങ്ങിയ ഇയാള്‍ പ്രധാനവാര്‍ത്തകളില്‍ ഇടം നേടി.
സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന 'പത്താന്‍' ചിത്രത്തിന് വേണ്ടി റംഗിയയില്‍ നിന്നുള്ള ഒരു യുവാവ് 192 ടിക്കറ്റുകള്‍ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
റംഗിയയിലെ കെണ്ടുകോണ പ്രദേശത്തെ താമസക്കാരനായ ഫാറൂഖ് ഖാന്‍ എന്നയാളാണ് റംഗിയയിലെ ദി ഡിലൈറ്റ് ഗോള്‍ഡ് സിനിമാ ഹാളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഹാളിന്റെ മൊത്തം ശേഷിയുടെ 80 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നു.
അവസാനിക്കാത്ത വിവാദങ്ങള്‍ക്കിടയിലും റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയ ചിത്രമാണ് 'പത്താന്‍'.
ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ അഭിനയിച്ച സിനിമ മുന്‍കൂര്‍ ടിക്കറ്റ് വില്‍പനയിലും റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)