ന്യൂദല്‍ഹി- ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നടത്തിയ പരാമര്‍ശം അപഹാസ്യകരമാണെന്ന് രാഹുല്‍ ഗാന്ധി. ദിഗ് വിജയ് സിംഗിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു. മിന്നലാക്രമണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് അതല്ലെന്നും രാഹുല്‍ ഭാരത് ജോഡോ യാത്രക്കിടെ കശ്മീരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ കാഴ്ചപ്പാട് ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണ്. എന്നാല്‍, അതില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്. അതൊരിക്കലും പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല. സൈന്യം അവരുടെ ജോലി കൃത്യമായി ചെയ്തു എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. അവര്‍ അത് വളരെ രീതിയില്‍ തന്നെ ചെയ്തു. അതിന് ഒരു തരത്തിലുള്ള തെളിവുകളുടെയും ആവശ്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
40 സൈനികര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതുമായി ബന്ധപ്പെട്ടുമുള്ള തെളിവുകള്‍ എവിടെയെന്നായിരുന്നു ദിഗ്വിജയ് സിംഗ് ചോദിച്ചത്. കശ്മീരില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു ദിഗ് വിജയ്സിങിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിശദീകരണം.