Sorry, you need to enable JavaScript to visit this website.

ട്രെയിൻ വൈകാൻ വ്യാജ ബോംബ് ഭീഷണി; വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂദൽഹി - ട്രെയിൻ വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി-മുംബൈ രാജധാനി എക്‌സ്പ്രസ് പുറപ്പെടുന്നത് വൈകാനായി വ്യാജ ഫോൺകോൾ നടത്തിയ ഇന്ത്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ യുപിയിലെ ദാദ്രി സ്വദേശി സുനിൽ സാങ്വാൻ ആണ് പിടിയിലായത്. 
 4.55ന് പുറപ്പെടേണ്ട ട്രെയിൻ വൈകിപ്പിക്കാനായി പ്രതി റെയിൽവേ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ഫോൺ സന്ദേശത്തെത്തുടർന്ന് ട്രെയിൻ പുറപ്പെടാതെ സ്റ്റേഷനിൽ തന്നെ പിടിച്ചിട്ട് പരിശോധന നടത്തിയെങ്കിലും സ്‌ഫോടക സ്വഭാവമുള്ള വസ്തുക്കളൊന്നും  കണ്ടെത്താനായില്ല. തുടർന്ന് ഫോൺ കോളിന്റെ ഉറവിടം പരിശോധിച്ചപ്പോൾ വ്യാജ ഭീഷണി മുഴക്കിയ ആൾ ട്രെയിനിൽ തന്നെയുണ്ടന്ന് കണ്ടെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു വ്യോമസേന ഉദ്യോഗസ്ഥാനായ ഇയാളെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

 

മദ്രസകളുടെ എണ്ണം കുറയ്ക്കും; മൂന്ന് കിലോമീറ്റർ പരിധിയിൽ ഒരു മദ്രസയെന്ന് അസം മുഖ്യമന്ത്രി

- 50ൽ താഴെ കുട്ടികളുള്ള മദ്രസയെ മറ്റൊരു വലിയ മദ്രസയിൽ ലയിപ്പിക്കുമെന്നും അധ്യാപകർ പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും അസം സർക്കാർ

ദിസ്പൂർ - സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളെ പരസ്പരം ലയിപ്പിക്കുമെന്നും പ്രവർത്തിക്കുന്നവയ്ക്ക് രജിസ്‌ട്രേഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 ഇതിനായി വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മദ്രസകളെ ലയിപ്പിക്കുന്നതിൽ മുസ്‌ലിം സമുദായം സർക്കാരിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 
 50ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള മദ്രസയെ മറ്റൊരു വലിയ മദ്രസയിൽ ലയിപ്പിക്കും. മദ്രസ സംവിധാനം യുക്തിസഹമാക്കും. ഇവ പരിശോധിക്കാനായി ഒരു ചെക്ക് തയ്യാറാക്കിയിട്ടുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരോട് അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടും. മൂന്ന് കിലോമീറ്റർ പരിധിയിൽ ഒരു മദ്രസ മാത്രം പ്രവർത്തിക്കുന്ന രീതിയിലേക്ക് എണ്ണം ചുരുക്കുമെന്നും പ്രവർത്തനത്തിൽ സമുദായത്തിന്റെ സഹകരണം ലഭിക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
 ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മദ്രസകൾക്കെതിരെ കഴിഞ്ഞ വർഷം കർശന നടപടി സ്വീകരിച്ചിരുന്നതായും അസം സർക്കാർ വ്യക്തമാക്കി.

പെൺകുട്ടിയുടെ പരാതി പോലീസ് മുക്കി; കോടതി ഉത്തരവിൽ ബി.ജെ.പി എം.എൽ.എക്കെതിരെ പോക്‌സോ കേസ്

അഹമ്മദാബാദ് - പിഞ്ചു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുജറാത്തിലെ ബി.ജെ.പി എം.എഎൽ.എ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോലീസ് കേസ്. മുൻ മന്ത്രി കൂടിയായ ഗജേന്ദ്രസിങ് പർമർ എം.എൽ.എക്കും, മഹേഷ് പട്ടേലിനുമെതിരെയുമാണ് പോക്‌സോ ചുമത്തി കേസ് എടുത്തത്. 
 എം.എൽ.എക്കെതിരെ ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് അത് മുക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ നിയമപോരാട്ടത്തിലൂടെയാണ് എം.എൽ.എയെ കുരുക്കിലാക്കിയത്. എം.എൽ.എയും ഗുജറാത്ത് ബി.ജെ.പിയിലെ നേതാവുമായ പർമർ  ബന്ധുവാണെന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലുണ്ട്. 2020 നവംബറിൽ ജായ്‌സാൽമീറിലേക്കുള്ള യാത്രയ്ക്കിടെ ഗജേന്ദ്ര സിങും മഹേഷും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് തനിക്ക് ഇരുവരുമായും വഴക്കിടേണ്ടി വന്നുവെന്നും അമ്മ പറഞ്ഞു. അന്നു തന്നെ പരാതി നല്കിയെങ്കിലും കേസ് എടുക്കാൻ പോലീസ് കൂട്ടാക്കിയില്ല. ശേഷം കുട്ടിയുടെ അമ്മ രാജസ്ഥാനിലെ സിരോഹി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. പ്രതിയെ രക്ഷിച്ചെടുക്കാൻ ബി.ജെ.പിയുടെ വൻ റാക്കറ്റാണ് ഉന്നതങ്ങളിൽ കളിച്ചത്.

Latest News