ഗോവ / താഷ്‌കന്റ് - റഷ്യയിൽ നിന്ന് ഗോവയിലേക്കു പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്ബകിസ്താനിൽ അടിയന്തരമായി ഇറക്കി. രണ്ട് കുട്ടികളും ഏഴ് ജീവനക്കാരും ഉൾപ്പെടെ 238 പേരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടർക്ക് ഭീഷണി സന്ദേശം കിട്ടിയത് അർദ്ധരാത്രിയോടെയാണ്. തുടർന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വഴി തിരിച്ചുവിടുകയായിരുന്നു.
ഉസ്ബകിസ്താനിൽ അടിയന്തരമായി ഇറക്കിയ അസുർ എയറിന്റെ എ.ഇ.സെഡ് വി 2463 എന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്. ശനിയാഴ്ച്ച പുലർച്ചെ 4.15ന് ദക്ഷിണ ഗോവയിൽ ഇറങ്ങേണ്ട വിമാനമാണിത്. ഇന്ത്യയുടെ ആകാശ അതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പേ വിമാനം വഴി തിരിച്ചുവിട്ട് ഉസ്‌ബെക്കിസ്താനിൽ ഇറക്കുകയായിരുന്നു.
ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിലുള്ളത്. റഷ്യയിൽ നിന്നുള്ള വിമാനത്തിന് ഈ മാസം ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി നേരിടുന്നത്. 11 ദിവസം മുമ്പായിരുന്നു ആദ്യ ബോംബ് ഭീഷണി. അന്ന് ഗുജറാത്തിലെ ജാംഗനഗറിൽ അടിയന്തരമായി ഇറക്കി വിമാനം പരിശോധിച്ചെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായിരുന്നില്ല.