Sorry, you need to enable JavaScript to visit this website.

സത്യസന്ധതയിൽ നൂറ് മാർക്ക്, അഭിമാനിക്കാം ഹരിതകർമ സേനക്ക്

സംസ്ഥാനത്തിന് അഭിമാനമായി മാറിയ മടിക്കൈ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ സി. സുശീലയും പി.വി. ഭവാനിയും കണ്ടുകിട്ടിയ പണം കൈമാറുന്നു.

കാസർകോട് - വീടുകളിൽ നിന്നും നീക്കിയ അജൈവ മാലിന്യങ്ങൾക്കിടയിലുണ്ടായ പണം ഉടമസ്ഥന് തിരികെ ഏൽപിച്ച് ഹരിതകർമ സേനാംഗങ്ങളുടെ മാതൃക പ്രവർത്തനം. മടിക്കൈ പഞ്ചായത്തിലെ ആറാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ സി.സുശീലയും പി.വി ഭവാനിയുമാണ് മാതൃക പ്രവർത്തനത്തിനിലൂടെ അഭിമാനമായത്. മാലിന്യ ശേഖരണത്തിനായി ബുധനാഴ്ചയാണ് ഇരുവരും മാൽപച്ചേരിയിലെ വീടുകളിൽ പോയത്. 
ശേഖരിച്ച മാലിന്യങ്ങൾ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി തൊട്ടടുത്ത മരത്തണലിലേക്ക് മാറ്റി. പിന്നീട് ഇരുവരും വീട്ടുകളിലേക്ക് മടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉൾപ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി പ്രദേശത്തെ രാജീവന്റെ ഭാര്യ ഫോൺ വിളിക്കുന്നത്. കൂലിവേലക്കാരനായ രാജീവൻ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. 
ആ നാട്ടിൽ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് അരലക്ഷം രൂപ ഇവർ കണ്ടെത്തിയത്. പണം സുരക്ഷിതമായി കൈയിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ തുക കൈമാറി. മാലിന്യങ്ങൾ ശേഖരിക്കുന്ന വീടുകളിൽ നിന്നും തന്നെയാണ് സാധാരണ വേർതിരിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് കവറുകളും മറ്റു വസ്തുക്കളും വീട്ടുകാർ കൃത്യമായി ശേഖരിച്ച് വെച്ചതിനാൽ വീണ്ടും തരം തിരിക്കേണ്ടി വന്നില്ല. ആദ്യം ഫോൺ കോൾ വന്നപ്പോൾ അന്ധാളിച്ചു പോയെന്നും തുടർന്ന് പണം കണ്ടെത്തി തിരിച്ചു നൽകിയപ്പോൾ ഏറെ സന്തോഷം തോന്നിയതായും സുശീലയും ഭവാനിയും പറഞ്ഞു.  മാലിന്യത്തിനൊപ്പം ലഭിച്ച അര ലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച സത്യസന്ധതയ്ക്ക് ഇരുവരെയും സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വേണ്ടി തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ് അഭിനന്ദിച്ചു. അൻപത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകർമ സേനാംഗങ്ങളെ ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ, അൻപതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേൽപിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തിൽ തോൽപിക്കുകയാണെന്നും മാലിന്യം ശേഖരിച്ച് സേനാംഗങ്ങളെന്ന് ഇവർ ഒരിക്കൽ കൂടി തെളിയിക്കുകയാണെന്നും സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവരെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News