Sorry, you need to enable JavaScript to visit this website.

ചാറ്റ് ജിപിടിയുടെ വാചാലതയിൽ വീണുപോയ ലോകം

യന്ത്രങ്ങളുമായുള്ള മനുഷ്യരുടെ സംഭാഷണങ്ങളെ വിപ്ലവകരമായ പുതിയൊരു തലത്തിലേക്ക് ഉയർത്തിയ നിർമിത ബുദ്ധിയുടെ മുന്നേറ്റത്തിൽ ലോകമിപ്പോൾ അമ്പരന്നിരിക്കുകയാണ്. ചാറ്റ് ജിപിടി ആണ് ആ താരം. നിർമിത ബുദ്ധിയിൽ പുതിയ ഗവേഷണങ്ങൾ നടത്താനായി ലാഭേഛയില്ലാതെ തുടക്കമിട്ട് പിന്നീട് ലാഭേഛയുള്ള കമ്പനിയായി മാറിയ ഓപൺ എഐ വികസിപ്പിച്ച ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിടി. വൻ ഡാറ്റാ ശേഖരത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യന്റെ സംഭാഷണ രീതികളും മറുപടികളും പരിശീലിപ്പിച്ചെടുത്ത ഒരു ചാറ്റ് ബോട്ടാണിത്. നാചുറൽ ലാംഗ്വേജ് പ്രൊസസിങ് ആണ് ചെയ്യുന്ന ജോലി. 
മനുഷ്യരെ പോലെ സംഭാഷണ രീതിയിൽ ടെക്സ്റ്റുകളിലൂടെ സംസാരിക്കും. എന്തും എഴുതി ചോദിച്ചാൽ അതിന്റെ അറിവിനനുസരിച്ച് മറുപടി തരാൻ ഈ ബോട്ടിനു കഴിയും. ഒരു കവിത എഴുതാൻ ആവശ്യപ്പെട്ടാൽ തരക്കേടില്ലാതെ കവിത എഴുതിത്തരും. കഥ പറയാൻ ആവശ്യപ്പെട്ടാൽ അതും. ഒരു വെബ്‌സൈറ്റോ കംപ്യൂട്ടർ പ്രോഗാമോ നിർമിക്കാനുള്ള കോഡ് എഴുതാൻ ആവശ്യപ്പെട്ടാൽ അതും ചെയ്തു തരും. ഇംഗ്ലീഷ് ഭാഷയിലാണ് കാര്യമായി പ്രാവീണ്യമുള്ളത്. മലയാളത്തിൽ പിച്ചവെക്കുന്നതേയുള്ളൂ. സർഗാത്മകത ഉപയോഗിച്ച് ചെയ്യേണ്ട അസൈൻമെന്റുകൾ ചെയ്യാൻ വിദ്യാർത്ഥികൾ ചാറ്റ് ജിപിടിയെ ആശ്രയിക്കുമെന്നും അത് അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നമുള്ള ചർച്ചകൾ പാശ്ചാത്യ ലോകത്ത് ഇതിനകം ഉയർന്നിട്ടുണ്ട്. അതേസമയം ചാറ്റ്ജിപിടി പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാപരമായിക്കൊള്ളണമെന്നില്ല എന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. പല വിവരങ്ങളും അപൂർണമായിരിക്കും. സൂക്ഷ്മ പരിശോധന ആവശ്യമാണ്. 
ഓപൺ എഐ ഗവേഷണ സംഘം 2017 ലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഒരു ലാംഗ്വേജ് മോഡലായി ജനറേറ്റീവ് പ്രീട്രെയ്ൻഡ് ട്രാൻസ്‌ഫോർമർ എന്ന ജിപിടിയെ ആദ്യമായി അവതരിപ്പിച്ചത്. 2019 ൽ ജിപിടി2, 2020ൽ ജിപിടി3, 2020 ൽ ചാറ്റ് ജിപിടി എന്നിവ പുറത്തിറക്കി. 2022 നവംബറിലാണ് ചാറ്റ് ജിപിടിയെ ഓപൺ എഐ പൊതുജനങ്ങൾക്കായി പരീക്ഷണത്തിന് തുറന്നു കൊടുത്തത്. 
അഞ്ചു ദിവസത്തിനുള്ളിൽ ഇത് 10 ലക്ഷം പേരാണ് ഉപയോഗിച്ചത്. രണ്ടു മാസത്തിനിടെ ലോകമൊട്ടാകെ കോടിക്കണക്കിനാളുകൾ ഇതു പരീക്ഷിച്ചറിഞ്ഞു.
ഉപയോഗിച്ചവർ ഈ ചാറ്റ്‌ബോട്ടിന്റെ ശേഷി കണ്ട് അന്തംവിട്ടിരിക്കുകയാണ്. ഒരു പ്രത്യേക വിഷയത്തെ കുറിച്ച് ഒരു കുറിപ്പെഴുതാൻ പറഞ്ഞാൽ നിമിഷ നേരം കൊണ്ട് നല്ലൊരു കുറിപ്പ് നമ്മുടെ കൺമുന്നിൽ എഴുതിത്തരും. അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ജിപിടി4 ലോകത്തെ ശരിക്കും ഞെട്ടിക്കുമെന്നാണ് ടെക് ലോകത്തെ സംസാരം. 
മനുഷ്യ ബുദ്ധിയുടെ ശേഷിയോട് ഏറെക്കുറെ അടുത്തു നിൽക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗൂഗിളിന് തിരിച്ചടിയാകുമോ?

ഗൂഗിൾ നാം തേടുന്ന വിവരങ്ങൾ അതുള്ളിടത്ത് നിന്ന് തെരഞ്ഞുപിടിച്ച് മുന്നിലെത്തിക്കുകയാണ് ചെയ്യുന്നത്. ഈ റിസൾട്ട് പരിശോധിച്ച് നമുക്ക് വേണ്ടത് എടുക്കാം. എന്നാൽ ചാറ്റ് ജിപിടിയോട് ചോദിച്ചാൽ ടെക്സ്റ്റ് രൂപത്തിൽ ഒരു മറുപടിയാണ് ലഭിക്കുക. ഇത് സ്വന്തമായി നൽകുന്ന ഉത്തരങ്ങളായിരിക്കും. അറിയാത്ത കാര്യങ്ങളാണെങ്കിൽ അറിയില്ല എന്നു തന്നെ പറയും. 
ഗൂഗിളിന്റേത് ഒരിക്കലും സ്വന്തം ഉത്തരങ്ങളല്ല. അതുകൊണ്ട് തന്നെ ചാറ്റ്ജിപിടി നൽകുന്ന വിവരങ്ങൾക്ക് സൂക്ഷ്മ പരിശോധന വേണ്ടി വരും. മനുഷ്യന്റെ ഭാഷാപരമായ കഴിവുകൾ യന്ത്രങ്ങൾക്ക് പകർന്നു കൊടുക്കുന്ന നാചുറൽ ലാംഗ്വേജ് പ്രൊസസിങിലാണ് ഓപൺ എഐയുടെ ശ്രദ്ധയെങ്കിൽ ഗൂഗിളിന്റേത് ഇതിലപ്പുറമാണ്. ഗൂഗിൾ എഐ എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ ഗൂഗിളിനുണ്ട്. 
ചാറ്റ് ജിപിടി ഗൂഗിൾ സെർചിനെ പിന്നിലാക്കുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാവി മുന്നിൽ കണ്ട് മൈക്രോസോഫ്റ്റ് ഒരു ബില്യൺ യുഎസ് ഡോളർ ഓപൺ എഐയിൽ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുണ്ട്. 
2019 മുതൽ മൈക്രോസോഫ്റ്റ് ഓപൺ എഐയുമായി പങ്കാളിത്തത്തിലാണ്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനമായ അസുറുമായി ബന്ധിപ്പിച്ച് 2021 ൽ അസുർ ഓപൺ എഐ സർവീസിനും കമ്പനി തുടക്കമിട്ടിരുന്നു. അസുർ ഓപൺ എഐയിൽ ഉടൻ തന്നെ ചാറ്റ്ജിപിടി സേവനം കിട്ടിത്തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല അറിയിച്ചത്. 
ഭാവിയിൽ മൈക്രോസോഫ്റ്റിന്റെ സ്വന്തം സെർച് എൻജിനായ ബിങിനെയും ഇതുമായി ബന്ധിപ്പിക്കാം എന്ന സൂചനയും ഈയിടെ ഇന്ത്യ സന്ദർശന വേളയിൽ നദെല്ല നൽകിയിരുന്നു. ഇതു സംഭവിച്ചാൽ ഗൂഗിളിന് ബിങ് ഒരു വെല്ലുവിളിയാകും. ഗൂഗിളിലും ഇതിനെ കവച്ചുവെക്കുന്ന നിർമിത ബുദ്ധി വൈകാതെ ഉദിക്കുമെന്നുറപ്പാണ്.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News