പലിശ ഉയർത്തിയിട്ടും ഡോളർ തളരുന്നതോടെ നിക്ഷേപകർ സ്വർണത്തിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി. ഇതോടെ കേരളത്തിൽ പവന് തിളക്കമേറി. അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിൽ ശക്തമായ വാങ്ങൽ താൽപര്യം ഉടലെടുത്തു. ഡോളർ സൂചിക പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ കരുത്ത് നിലനിർത്താൻ ക്ലേശിച്ചതാണ് ചുവട് മാറ്റിച്ചവിട്ടാൻ ഓപറേറ്റർമാരെയും ഫണ്ടുകളെയും പ്രേരിപ്പിച്ചത്. വാരാരംഭത്തിൽ ട്രോയ് ഔൺസിന് 1865 ഡോളറിൽ നീങ്ങിയ സ്വർണം വാരത്തിന്റെ രണ്ടാം പകുതിയിൽ 1900 ലെ പ്രതിരോധം തകർത്തു. ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങിനും ഒരു വിഭാഗം ഫണ്ടുകൾ പുതിയ ബയ്യിങിനും മത്സരിച്ച് ഇറങ്ങിയത് വില 1923.30 ഡോളറിലേക്ക് ഉയർത്തി. മുൻവാരം സ്വർണത്തിന് 1924 ഡോളറിൽ പ്രതിരോധം നേരിടുമെന്ന കാര്യം മലയാളം ന്യൂസ് വ്യക്തമാക്കിയിരുന്നു. വ്യാപാരാന്ത്യം നിരക്ക് 1920 ഡോളറിലാണ്. ഡോളർ മൂല്യം കുറയുമെന്നത് കണക്കിലെടുത്താൽ മഞ്ഞലോഹം വീണ്ടും തിളങ്ങാം.
രൂപയുടെ മൂല്യം 82-83 ലേയ്ക്ക് ഇടിഞ്ഞതിനാൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി കുറഞ്ഞു. ഡിസംബറിൽ ഇറക്കുമതി 20 ടണ്ണിൽ ഒതുങ്ങി. ഇറക്കുമതി ഇത്രയേറെ ഇടിയുന്നത് രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമാണ്. 2021 ഡിസംബറിൽ വരവ് 95 ടണ്ണായിരുന്നു. രൂപയ്ക്ക് പിന്നിട്ട വർഷത്തിലുണ്ടായ മൂല്യത്തകർച്ച ഇറക്കുമതി കുറച്ചു. 2021 ൽ 1068 ടൺ സ്വർണം ഇറക്കുമതി നടത്തിയെങ്കിൽ 2022 ൽ വരവ് 34 ശതമാനം കുറഞ്ഞ് 706 ടൺ മാത്രമാണ്. സ്വർണ ഇറക്കുമതി ഡ്യൂട്ടി പതിനെട്ട് ശതമാനമായതോടെ കള്ളക്കടത്ത് വ്യാപകമായി. 2019-20 നെ അപേക്ഷിച്ച് 2022 ൽ സ്വർണക്കടത്ത് 33 ശതമാനം ഉയർന്ന് 160 ടണ്ണായി. കേരളത്തിലെ ആഭരണ വിപണികളിൽ സ്വർണ വിലയിൽ വൻ മുന്നേറ്റമുണ്ടായി. വിവാഹ സീസണായതിനാൽ മുൻനിര വ്യാപാര കേന്ദ്രങ്ങളിൽ തിരക്കുണ്ട്. 41,040 രൂപയിൽ വിൽപന തുടങ്ങിയ പവൻ ശനിയാഴ്ച 41,600 രൂപയായി. ഗ്രാമിന് 70 രൂപ വർധിച്ച് 5200 രൂപയിലെത്തി. അവധി വ്യാപാരത്തിൽ പത്ത് ഗ്രാം സ്വർണ വില 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 56,191 രൂപയുടെ റെക്കോർഡ് മറികടന്ന് 56,245 രൂപയായി.
ഇന്ത്യൻ കാപ്പി കുടിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പിന്നിട്ട വർഷം മത്സരിച്ചു. ദക്ഷിണേന്ത്യൻ കാപ്പിയുടെ നറുമണം ആസ്വദിക്കുന്ന അവർ ഇക്കുറിയും ഉയർന്ന അളവിൽ ചരക്ക് ശേഖരിക്കുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം. നാല് ലക്ഷം ടൺ കാപ്പി 2022 ൽ കയറ്റുമതി നടത്തി. വിദേശ ഡിമാന്റിനൊപ്പം ആഭ്യന്തര മാർക്കറ്റിലും കാപ്പി ശ്രദ്ധിക്കപ്പെട്ടു. വിദേശത്ത് ഇന്ത്യൻ ഇൻസ്റ്റന്റ് കോഫിക്കാണ് പ്രിയം. റോബസ്റ്റ, അറബിക്കയെ അപേക്ഷിച്ച് ഇൻസ്റ്റന്റ് കോഫി കയറ്റുമതി ഉയർന്നു. റഷ്യ, തുർക്കി ഇൻസ്റ്റന്റ് കോഫി കുടിക്കാൻ ഉത്സാഹിച്ചു. ഇറ്റലി, ഇന്ത്യൻ കാപ്പി അധികമായ ഇറക്കുമതി നടത്തി. മൊത്തം 61,717 ടൺ കാപ്പി ഇറ്റലി വാങ്ങി. ജർമനിയും റഷ്യയും ബൽജിയവും ദക്ഷിണേന്ത്യൻ കാപ്പിയുടെ ആരാധകരാണ്. വയനാട്ടിൽ ഉണ്ടകാപ്പി 54 കിലോ 5000 രൂപയിലും കാപ്പി പരിപ്പ് 16,500 രൂപയിലുമാണ്. കട്ടപ്പന വിപണിയിൽ അറബിക്ക, റോബസ്റ്റ ഇനങ്ങൾ 16,000 രൂപയിലും ഉണ്ടകാപ്പി 9000 ലുമാണ്. കൂർഗ്, ചിക്കമംഗലൂർ മേഖലയിലെ കർഷകർ കാപ്പി വിളവെടുപ്പിന്റെ തിരക്കിലാണ്.
ഹൈറേഞ്ചിൽ നിന്നുള്ള പുതിയ കുരുമുളക് വരവ് വാങ്ങലുകാരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് വ്യക്തമായതോടെ ശനിയാഴ്ച അവർ വില ഉയർത്തി. പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണെങ്കിലും കർഷകർ പുതിയ ചരക്ക് വിൽപനക്ക് ഇറക്കുന്നത് നിയന്ത്രിച്ചു. വാരാന്ത്യം അൺ ഗാർബിൾഡ് കുരുമുളക് 49,100 രൂപയിലാണ്. ഉത്തരേന്ത്യയിൽ നിന്നും കൂടുതൽ ആവശ്യക്കാരെത്തിയാൽ മുളക് വില വീണ്ടും മെച്ചപ്പെടാം. അതേ സമയം വിൽപന സമ്മർദം ഉടലെടുത്താൽ സ്ഥിതിഗതികളിൽ മാറ്റമുണ്ടാവും. ന്യൂ ഇയർ അവധികൾ കഴിഞ്ഞെങ്കിലും രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ ഇറക്കുമതി രാജ്യങ്ങളുടെ സാന്നിധ്യം ശക്തമല്ല. വിയറ്റ്‌നാം കുറഞ്ഞ വിലയ്ക്ക് പുതിയ ക്വട്ടേഷൻ ഇറക്കുമെന്ന നിഗമനത്തിലാണ് യൂറോപ്യൻ ബയ്യർമാർ. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളർ.
നാളികേര കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ്. പല ഭാഗങ്ങളിലും നാളികേര ഉൽപാദനം ഉയരുമെന്ന വിലയിരുത്തലിലാണ് കൊപ്രയാട്ട് വ്യവസായികൾ. പച്ചത്തേങ്ങ ലഭ്യത ഉയരുന്നതിനൊപ്പം കൊപ്ര ഉൽപാദനം വർധിക്കുമെന്നതിനാൽ മില്ലുകാർ തിരക്കിട്ട് കൊപ്ര ശേഖരിക്കുന്നില്ല.
കൊപ്രയുടെ പുതുക്കിയ താങ്ങുവില 10,870 രൂപയാണ്. വിപണി വില ഇപ്പോഴും താങ്ങുവിലയിലും 2270 രൂപ ക്വിന്റലിന് കുറഞ്ഞ് 8600 രൂപയിലാണ്. ഫെബ്രുവരിയിൽ സംസ്ഥാനത്തിന്റെ തെക്കെ അറ്റം മുതൽ കണ്ണൂർ, കാസർകോട് വരെയുള്ള തോട്ടങ്ങളിൽ നാളികേരം വിളവെടുപ്പിന് സജ്ജമാകും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)