രണ്ട് വർഷം മുമ്പ് മൂല്യത്തിന്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ. രണ്ട് വർഷത്തിനിടെ ബിറ്റ്‌കോയിൻ വില ആദ്യമായി 50,000 ഡോളർ കൈവരിച്ചു. ഫെബ്രുവരി 13ന് ബിറ്റ്‌കോയിന്റെ വില ഉയർന്ന് 50,222.90 ഡോളറിലെത്തി. 2021 ഡിസംബറിലാണ് 50,000 ഡോളർ എന്ന നിരക്കിൽ ബിറ്റ്‌കോയിൻ അവസാനമായി വ്യാപാരം നടത്തിയത്.
2021 നവംബർ 12നാണ് 68,789 എന്ന എക്കാലത്തെയും ഉയർന്ന വിലയിലെത്തിയിരുന്നത്. നിലവിൽ 49,633.50 ഡോളറാണ് ബിറ്റ്‌കോയിന്റെ വില. നാമമാത്രമായ ഇടിവ് ഈയടുത്ത ദിവസങ്ങളിൽ ഉണ്ടെങ്കിലും പുതുവർഷത്തിൽ മൊത്തത്തിൽ ബിറ്റ്‌കോയിന്റെ വില ഉയർന്നു വരികയാണ്.
സ്‌പോട്ട് ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്‌ട്രേഡഡ് ഫണ്ടുകൾക്ക് (ഇ.ടി.എഫ്) യു.എസ് റെഗുലേറ്ററി ജനുവരി 10ന് അംഗീകാരം നൽകിയതിനെ തുടർന്നുള്ള പ്രതീക്ഷയാണ് ബിറ്റ്‌കോയിന്റെ വില ഉയരാൻ കാരണമായത്. അപകട സാധ്യതയുള്ള സംവിധാനത്തിന് പകരം ലൈസൻസുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതൽ നിയന്ത്രിതമായ രീതിയിൽ ക്രിപ്‌റ്റോ വിപണിയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന സ്‌പോട്ട് ബിറ്റ്‌കോയിൻ ഇ.ടി.എഫിനായി ക്രിപ്‌റ്റോ നിക്ഷേപകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
വർഷാവസാനം പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്‌കോയിന് അനുകൂലമായിട്ടുണ്ട്. മൈക്രോസ്ട്രാറ്റജി, കോയിൻബേസ് ഗ്ലോബൽ, മാരത്തൺ ഡിജിറ്റൽ എന്നിവയുൾപ്പെടെ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കമ്പനികൾ ഫെബ്രുവരി 12ന് യഥാക്രമം 10 ശതമാനവും 4.8 ശതമാനവും 12 ശതമാനവും നേട്ടം കൈവരിച്ചു.