ടാറ്റ മോട്ടേഴ്‌സിന് പിന്നാലെ പ്രമുഖ വാഹന നിർമാതാക്കളായ എം.ജി മോട്ടോറും ഇലക്ട്രിക് വാഹനത്തിന്റെ വില കുറച്ചു. എം.ജി കോമെറ്റ് മിനിയുടെ വിലയിൽ ഒരു ലക്ഷം രൂപയുടെ കുറവാണ് വരുത്തിയത്. ബാറ്ററി ചെലവ് കുറഞ്ഞതിനെ തുടർന്നാണ് എംജി മോട്ടോറിന്റേയും തീരുമാനം.
നിലവിൽ ഏഴു ലക്ഷം രൂപയാണ് എം.ജി കോമെറ്റ് മിനി ഇലക്ട്രിക്കിന്റെ എക്‌സ് ഷോറൂം വില. തുടക്കത്തിൽ ഇസഡ്എസ് ഗ്രീൻ എസ്‌യുവിയുടെ വില 22 ലക്ഷമായിരുന്നു. നിലവിൽ എൻട്രി വേരിയന്റിന് 19 ലക്ഷമാക്കി വില കുറച്ചിട്ടുണ്ട്. ടിയാഗോ, നെക്‌സോൺ കാറുകളുടെ ഇലക്ട്രിക് വേർഷന്റെ വിലയാണ് ടാറ്റ കുറച്ചത്. ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തിൽ 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്.
ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ ഭൂരിഭാഗവും ബാറ്ററിയ്ക്ക് വരുന്ന ചെലവാണ്. അടുത്തിടെ ബാറ്ററി വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ബാറ്ററി സെല്ലിന്റെ വിലയിൽ ഉണ്ടായ കുറവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വില കുറച്ചതെന്ന് ചീഫ് കോമേഴ്‌സിയൽ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു 1.2 ലക്ഷം രൂപ വരെ കുറച്ചതോടെ നെക്‌സോൺ ഇവിയുടെ വില ആരംഭിക്കുക 14.49 ലക്ഷം രൂപ മുതലാണ്. 70000 രൂപ വരെ കുറച്ചതോടെ ടിയാഗോയുടെ ബേസ് മോഡലിന്റെ വില 7.99 ലക്ഷം രൂപയായി താഴ്ന്നതായും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
പഞ്ച് ഇ.വിയുടെ വിലയിൽ മാറ്റമില്ല. ഭാവിയിൽ ബാറ്ററി ചെലവ് കുറയും എന്ന് കണ്ടാണ് പഞ്ചിന്റെ വില നിശ്ചയിച്ചത്. മൊത്തത്തിലുള്ള പാസഞ്ചർ വാഹന വ്യവസായ വളർച്ചയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്വാധീനം വർധിച്ച് വരികയാണെന്നും ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. 2023ൽ പാസഞ്ചർ വാഹന വ്യവസായ മേഖലയിൽ എട്ടു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇലക്ട്രിക് വാഹന വിഭാഗം 90 ശതമാനത്തിലധികം വളർച്ച കൈവരിച്ചതായും ടാറ്റ മോട്ടോഴ്‌സ് കണക്കുകൾ പറയുന്നു.