ന്യൂദൽഹി - കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ രണ്ടാംഘട്ട മലബാർ പര്യടനത്തിനിടെയും കോൺഗ്രസിൽ വിവാദം ഉയർന്നതോടെ എ.ഐ.സി.സിയുടെ ഇടപെടൽ. വിവാദത്തിൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് എ.ഐ.സി.സി വ്യക്തമാക്കി.
തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശങ്ങൾ ഉന്നയിക്കരുതെന്ന് എ.ഐ.സി.സി നിർദേശിച്ചു. സാഹചര്യം നിരീക്ഷിക്കാൻ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന് എ.ഐ.സി.സി നിർദ്ദേശവും നല്കി. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പരസ്പരം ചർച്ചകൾ നടത്തി മുമ്പോട്ട് പോകണമെന്നും എ.ഐ.സി.സി വ്യക്തമാക്കി.
തരൂരിന്റെ ഒന്നാംഘട്ട മലബാർ പര്യടനത്തിന് കോൺഗ്രസ് നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പാർട്ടിക്കകത്തും പുറത്തും രൂക്ഷ വിമർശം ഉയർന്നിരുന്നു. വിവാദം അനാവശ്യമായിരുന്നുവെന്നും അത് തരൂരിന് കൂടുതൽ മൈലേജുണ്ടാക്കിയെന്ന് എതിരാളികൾ പോലും തിരിച്ചറിയുകയുമുണ്ടായി. തുടർന്ന് തരൂരിനെ അടക്കം എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ പാർട്ടി തീരുമാനിച്ചെങ്കിലും രണ്ടാംഘട്ട പര്യടനം ആരംഭിച്ചപ്പോൾ മാധ്യമങ്ങളുണ്ടാക്കിയ ചൂണ്ടയിൽ കൊത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന വീണ്ടും തുടർ വിവാദങ്ങൾക്ക് തിരികൊളുത്തി. തരൂരിന്റെ പേര് പറയാതെയായിരുന്നു പരോക്ഷ വിമർശമെങ്കിലും ഇതിന് തരൂർ ചിരിച്ച് മറുപടി നൽകാനും മറന്നില്ല.
നാലുവർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായ തയ്പ്പിച്ച കോട്ട് മാറ്റിവെക്കണമെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തെ കൊട്ടി ചെന്നിത്തല പ്രതികരിച്ചത്. എന്നാൽ താൻ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്നും അത് തയ്പ്പിച്ചു വെച്ചവർ തന്നെയാണ് മറുപടി പറയേണ്ടതെന്ന നിലയിൽ തരൂരും തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു. അതിനാലാണ് അവർ വിളിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതെന്നും പാർട്ടി പറഞ്ഞാൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും വിവാദങ്ങളിൽ കഴമ്പില്ലെന്നും തരൂരും വ്യക്തമാക്കുകയുണ്ടായി.
തരൂരുമായി ബന്ധപ്പെട്ട രണ്ടാംഘട്ട വിവാദങ്ങളിൽ ചെന്നിത്തലയോടൊപ്പം കോൺഗ്രസിന്റെ സംഘടനാകാര്യ ചുമതലയുള്ള കെ.സി വേണുഗോപാലും യു.ഡി.എഫ് കൺവീനർ എം.എം ഹസനും കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരനും പങ്കുചേർന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും ഒരക്ഷരം പ്രതികരിക്കാതെ തീർത്തും മൗനം പാലിക്കുകയായിരുന്നു.
എന്തായാലും, ഹൈക്കമാൻഡിന്റെ പരസ്യ പ്രസ്താവനകൾക്കുള്ള വിലക്കിൽ നേതാക്കൾ ഇനി എന്തു സമീപനം സ്വീകരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം.