തിരുവനന്തപുരം- ലോക ക്രിക്കറ്റിലെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡും മറികടന്ന് കുതിക്കുന്ന ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഗോട്ട് (ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം) എന്ന് വിശേഷിപ്പിച്ച് ആരാധകർ. അവസാന നാല് ഏകദിനങ്ങളിൽ മൂന്നിലും സെഞ്ചുറി നേടിയ കോലിയെ ആരാധകർ പ്രശംസ കൊണ്ടു മൂടുകയാണ്. 2023 പുതുവർഷത്തിന് 15 ദിവസമേ ആയിട്ടുള്ളൂ, കോഹ്‌ലിക്ക് ഇതിനകം രണ്ട് സെഞ്ച്വറികളുണ്ടെന്ന് ചിലർ കുറിച്ചു. 2022 ലെ ടി20 ലോകകപ്പിന് ശേഷം കിംഗ് കോഹ്‌ലി തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്നും ആരാധകർ പറഞ്ഞു. കഴിഞ്ഞ വർഷം ഈ ദിവസം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്‌ലിയുടെ തീരുമാനം ഓർത്തുകൊണ്ട് ഒരു ആരാധകൻ പറഞ്ഞത്, ഇത് സമാനമല്ല, ഒരിക്കലും ഇങ്ങിനെയൊന്ന് ഉണ്ടാകില്ല എന്നായിരുന്നു.
ഇന്ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യക്ക് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയവും പരമ്പരയിൽ സമ്പൂർണ വിജയവും നേടാനായി. മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 317 റൺസിനാണ് ലങ്കയെ ഇന്ത്യ തരിപ്പണമാക്കിയത്. എരിതീയിൽ നിന്നു വറച്ചട്ടിയിലേക്കു വീണ അവസ്ഥയായിരുന്നു ശ്രീലങ്കൻ സിംഹങ്ങൾക്ക് കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ ഉണ്ടായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 390 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 22 ഓവറിൽ വെറും 73 റൺസിന് പുറത്തായി. ഇതോടെ വിജയ മാർജിന്റെ കാര്യത്തിൽ ഇന്ത്യ ചരിത്രം കുറിച്ചു. 15 വർഷം മുമ്പ് 2008-ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് കുറിച്ച 290 റൺസിന്റെ ജയമെന്ന റെക്കോർഡാണ് രോഹിത് ശർമയും സംഘവും തിരുത്തിയെഴുതിയത്.
ഇതിനു മുമ്പ് 2007 ക്രിക്കറ്റ് ലോകകപ്പിൽ ബർമുഡയ്ക്കെതിരേ നേടിയ 257 റൺസിന്റെ ജയമായിരുന്നു റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. അന്ന് ടീമിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഇപ്പോൾ ടീം ഇന്ത്യയുടെ കോച്ച് എന്നതും യാദൃശ്ചികമായി. തകർപ്പൻ സെഞ്ചുറികൾ നേടിയ മുൻ നായകൻ വിരാട് കോലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും മികച്ച ബാറ്റിങ്ങും 24 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ തീപാറുന്ന ബൗളിംഗുമാണ് ലങ്കയെ തകർത്തത്.
ഗിൽ 97 പന്തുകളിൽ നിന്ന് 14 ബൗണ്ടറികളും നാലു സിക്സറുകളും സഹിതം 116 റൺസ് നേടിയപ്പോൾ കോലി 110 പന്തുകളിൽ നിന്ന് 13 ബൗണ്ടറികളും എട്ടു സിക്സറുകളും സഹിതം 166 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിതിനൊപ്പം ഇന്നിങ്സ് തുറന്ന ഗിൽ തുടക്കത്തിലേ തകർത്തടിച്ചു മുന്നേറി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 15.1 ഓവറിൽ 95 റൺസ് കൂട്ടിച്ചേർത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
16-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 49 പന്തുകളിൽനിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 42 റൺസ് നേടിയ രോഹിതിനെ മടക്കി ചമിക കരുണരത്നെയാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഗില്ലിനു കൂട്ടായി കോലി എത്തിയതോടെ കളി പൂർണമായും ലങ്കയുടെ കൈകളിൽനിന്നു വഴുതിപ്പോയി.
സ്‌കോർ റേറ്റ് ഉയർത്തുന്ന ചുമതല കോലി ഏറ്റെടുത്തതോടെ ആക്രമണപാത വെടിഞ്ഞ ഗിൽ ക്ഷമയോടെ ബാറ്റു വീശുന്നതാണ് പിന്നീടുണ്ടായത്. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 31-ാം ഓവറിന്റെ അവസാന പന്തിൽ ഗിൽ തന്റെ രണ്ടാം ഏകദിന ശതകം പൂർത്തിയാക്കി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചൂറിയൻ എന്ന ബഹുമതിയും ഇതോടെ ഗിൽ സ്വന്തമാക്കി. 89 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതമാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഇതിനിടെ 48 പന്തുകളിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെ കോലി 50 റൺസ് പൂർത്തിയാക്കിയിരുന്നു. സെഞ്ചുറി നേടിയതിനു ശേഷം ആക്രണ ബാറ്റിങ്ങിന് തുനിഞ്ഞ ഗില്ലിനു പക്ഷേ അധികനേരം പിടിച്ചു നിൽക്കാനായില്ല.
34-ാം ഓവറിൽ നാലാം പന്തിൽ പേസർ കസുൻ രജിത ഗില്ലിനെ ക്ലീൻ ബൗൾഡാക്കി. പുറത്താകും മുമ്പ് രണ്ടാം വിക്കറ്റിൽ കോലിക്കൊപ്പം 111 റൺസാണ് ഗിൽ കൂട്ടിച്ചേർത്തത്. പിന്നീട് മികച്ച ഫോമിലുള്ള ശ്രേയസാണ് കോലിക്കു കൂട്ടായി ക്രീസിൽ എത്തിയത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ഇരുവരും ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും ഓടിച്ചു. ഇതിനിടെ 43-ാം ഓവറിന്റെ അവസാന പന്തിൽ കോലി സെഞ്ചുറി പൂർത്തിയാക്കി. 85 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളും ഒരു സിക്സറും സഹിതമായിരുന്നു കോലിയുടെ 46-ാം ശതകം. കോലിയും മൂന്നക്കം കടന്നതോടെ ഇന്ത്യ ടോപ് ഗിയറിലായി. പിന്നീട് പന്തെറിഞ്ഞ ലങ്കൻ ബൗളർമാർക്കെല്ലാം കണക്കറ്റ പ്രഹരം ലഭിച്ചതോടെ സ്‌കോർ കുതിച്ചുയർന്നു.
46-ാം ഓവറിന്റെ മൂന്നാം പന്തിൽ ശ്രേയസ് മടങ്ങി. 32 പന്തുകളിൽ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്സറും സഹിതം 37 റൺസായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ കെ.എൽ. രാഹുൽ(ആറു പന്തിൽ ഏഴ്) സൂര്യകുമാർ യാദവ്(നാലു പന്തിൽ നാല്) എന്നിവർ ക്ഷണത്തിൽ മടങ്ങിയെങ്കിലും പുറത്താകാതെ നിന്ന കോലി ടീമിനെ 390-ൽ എത്തിച്ചു. ഇന്നിങ്സ് അവസാനിക്കുമ്പോൾ രണ്ടു റൺസുമായി അക്സർ പട്ടേലായിരുന്നു കോലിക്കു കൂട്ടായി ക്രീസിൽ. ലങ്കയ്ക്കു വേണ്ടി പേസർമാരായ ലാഹിരു കുമാര കസുൻ രജിത എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ചമിക കരുണരത്നെയ്ക്കാണ് ഒരു വിക്കറ്റ്.
തുടർന്ന് പടുകൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്കു മേൽ സിറാജ് തീമഴയായി പെയ്യുകയായിരുന്നു. തന്റെ ആദ്യ ആറ് ഓവറിൽ വെറും 18 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ പിഴുത സിറാജ് ലങ്കൻ മുൻനിരയെ തകർത്തെറിഞ്ഞു. ഇതിനിടെ സഹപേസർ മുഹമ്മദ് ഷമിയും ഒരുതവണ തീതുപ്പിയപ്പോൾ 12 ഓവർ പൂർത്തിയാകുമ്പോഴേക്കും ആറിന് 40 എന്ന നിലയിലായി ലങ്ക.പിന്നീട് എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരം അധികം നീട്ടാതെ കാത്തു. ലങ്കൻ നിരയിൽ വെറും മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. 27 പന്തിൽ 19 റൺസ് നേടിയ ഓപ്പണർ നുവാനിഡു ഫെർണാണ്ടോയാണ് ടോപ് സ്‌കോറർ. ചരിത് അസലങ്ക(11), കസുൻ രജിത(13 നോട്ടൗട്ട്) എന്നിവരാണ് മറ്റു രണ്ടുപേർ. അവിഷ്‌ക ഫെർണാണ്ടോ(1), കുശാൽ മെൻഡിസ്(4), ചരിത് അസലങ്ക(1), വാനിനന്ദു ഹസരങ്ക(1), ചമിക കരുണരത്നെ(1), ദുനിത് വെല്ലലഗെ(3), ലാഹിരു കുമാര(9) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ പ്രകടനം. ഫീൽഡിങ്ങിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ ആഷെൻ ബണ്ഡാര ബാറ്റിങ്ങിനിറങ്ങിയില്ല. ഇന്ത്യക്കു വേണ്ടി സിറാജിനു പുറമേ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുൽദീപ് യാദവുമാണ് തിളങ്ങിയത്.