ഭുവനേശ്വർ-ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് സമനില. ഇംഗ്ലണ്ടുമായാണ് ഇന്ത്യ സമനില നേടിയത്. ഇതോടെ ക്വാർട്ടറിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അടുത്ത മത്സരം വരെ നീളും. ബിർസ മുണ്ട സ്റ്റേഡിയത്തിലെ നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇന്ത്യക്ക് നാലും ഇംഗ്ലണ്ടിന് എട്ടും പെനാൽറ്റി കോർണറുകൾ ലഭിച്ചു. ഇംഗ്ലണ്ടിനും ഇന്ത്യക്കും നാലു വീതം പോയിന്റുകളുണ്ട്. ജനുവരി 19 ന് ഇന്ത്യ വെയിൽസിനെയും ഇംഗ്ലണ്ട് സ്പെയിനിനെയും നേരിടും. ഈ പൂളിൽനിന്ന് ക്വാർട്ടറിലേക്കുള്ള പ്രവേശനം തീരുമാനിക്കാൻ അടുത്ത മത്സരത്തിലെ ഫലം നിർണായകമാണ്. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഇംഗ്ലണ്ട് നാല് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് പോയിന്റുള്ള ഇന്ത്യയും ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിൽ ഒന്നാമതെത്താനും ക്വാർട്ടറിലേക്കുള്ള നേരിട്ടുള്ള യോഗ്യത ഉറപ്പാക്കാനും, ഭുവനേശ്വറിൽ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് വെയിൽസിനെ വലിയ മാർജിനിൽ തോൽപ്പിക്കേണ്ടി വരും. ഇംഗ്ലണ്ട് ഗോൾകീപ്പർ ഒലിവർ പെയ്നാണ് കളിയിലെ താരം.
മറ്റൊരു മത്സരത്തില് വെയിൽസിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സ്പെയിൻ തോൽപ്പിച്ചു. ഇന്ത്യയോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റ ശേഷമുള്ള സ്പെയിനിന്റെ തിരിച്ചുവരവാണിത്. മാർക്ക് റെയ്നയും മാർക് മിറാലെസും ഇരട്ട ഗോളുകൾ നേടി. 16, 38 മിനിറ്റുകളിൽ റെയ്നയും 32, 56 മിനിറ്റുകളിൽ മിറാലെസും ഗോളുകൾ നേടി. ക്യാപ്റ്റൻ അൽവാരോ ഇഗ്ലേഷ്യസ് (22) ആണ് വിജയികളുടെ മറ്റൊരു ഗോൾ നേടിയത്. 52-ാം മിനിറ്റിൽ ജെയിംസ് കാർണസ് വെയിൽസിന്റെ ആശ്വാസ ഗോൾ നേടി. ടൂർണമെന്റിൽ സ്പെയിൻ ആദ്യ ജയം നേടിയപ്പോൾ വെയ്ൽസിന്റെ രണ്ടാം തോൽവിയാണിത്. ഇംഗ്ലണ്ടിനോട് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് വെയിൽസ് തോറ്റത്. ജനുവരി 19 ന് ഭുവനേശ്വറിൽ നടക്കുന്ന അവസാന പൂൾ മത്സരത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയാണ് വെയിൽസിന്റെ എതിരാളികൾ. 32-ാം മിനിറ്റിൽ മിറാലെസിന്റെ പെനാൽറ്റി കോർണർ ഗോളായി മാറിയത് ഒഴിച്ചാൽ സ്പെയിൻ നേടിയതെല്ലാം ഫീൽഡ് ഗോളുകളായിരുന്നു.