റയല്‍ മഡ്രീഡ്-ബാഴ്‌സലോണ
ഞായര്‍ രാത്രി 10.00
റിയാദ് - സൗദി തലസ്ഥാന നഗരിക്ക് ആഘോഷമായി ഇന്ന് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മഡ്രീഡും ബാഴ്‌സലോണയും ഏറ്റുമുട്ടും. വലന്‍സിയയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് റയലും റയല്‍ ബെറ്റിസിനെ ഷൂട്ടൗട്ടില്‍ മറികടന്ന് ബാഴ്‌സലോണയും ഫൈനലിലെത്തുകയായിരുന്നു. ലോകകപ്പില്‍ പങ്കെടുക്കാനാവാത്ത നിരാശയില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച റയല്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സീമ സൂപ്പര്‍കപ്പ് നേടി ആ നിരാശ മറക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ഷാവിയുടെ കോച്ചിംഗില്‍ ആദ്യ കിരീടത്തിന് തൊട്ടടുത്താണ് ബാഴ്‌സലോണ. തുടയിലെ പരിക്ക് മാറിയ ബെന്‍സീമ ഫോം വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങള്‍ നേടിയിരുന്നു. അതേസമയം ബാഴ്‌സലോണക്ക് ഒരു കിരീടം പോലും നേടാനായില്ല. 2014 നു ശേഷം അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെങ്കിലും റയലിന്റെ കിരീടദാഹം അവസാനിച്ചിട്ടില്ലെന്ന് കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞു. ഫൈനലുകളില്‍ ആഞ്ചലോട്ടിക്ക് മികച്ച റെക്കോര്‍ഡാണ്. തന്റെ ടീം മത്സരിച്ച അവസാന 10 ഫൈനലുകളില്‍ ഒരെണ്ണം മാത്രമാണ് തോറ്റത്.