പൊഖാറ (നേപ്പാൾ) - നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ യാത്രക്കാർ ഉൾപ്പെടെ എല്ലാവരും മരിച്ചതായി വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നേപ്പാൾ ഏവിയേഷൻ വിഭാഗം 68 പേരുടെ മരണം സ്ഥിരീകരിച്ചപ്പോൾ സ്‌പോട്ടിലുള്ള ചില സോഴ്‌സുകളെ ഉദ്ധരിച്ച് വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചതായി ഒറ്റപ്പെട്ട റിപ്പോർട്ടുകളുണ്ട്.
നാല് വിമാന ജീവനക്കാർ ഉൾപ്പെടെ 72 പേരിൽ 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. കത്തിക്കരിഞ്ഞതിനാൽ 11 പേരെയെ ഇതുവരെയും തിരിച്ചറിയാനായുള്ളൂ. ഇന്ന് രാവിലെ 11.10ഓടെ ലാൻഡിങ്ങിന് തൊട്ടുമുമ്പാണ് വിമാനദുരന്തമുണ്ടായത്.
മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇവർ യു.പി സ്വദേശികളാണ്. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ പൊതു അവധിയാണ്. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 53 നേപ്പാളികൾ, നാല് റഷ്യക്കാർ, ഒരു ഐറിഷ് പൗരൻ, രണ്ട് കൊറിയക്കാർ, ഒരു അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നതെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.
കഠ്മണ്ഡുവിൽ നിന്നും 72 പേരുമായി പൊഖറായിലേക്ക് പറന്നുയർന്ന വിമാനം ലാൻഡ് ചെയ്യുന്നതിന് പത്ത് സെക്കൻഡ് മുമ്പ് നദീ തീരത്ത് തകർന്ന് വീഴുകയായിരുന്നു. ബ്ലാക്ക്‌ബോക്‌സിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശേഷമേ തകർച്ചയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ. ചൈനീസ് സഹായത്തോടെ നിർമ്മിച്ച നേപ്പാളിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ പുതിയ ഈ വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്നേക്ക് 15 ദിവസം മാത്രമേ ആയിട്ടുള്ളൂ.