പൊഖാറ (നേപ്പാൾ) - നേപ്പാളിലെ പൊഖാറ വിമാന ദുരന്തത്തിലെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരിച്ചത് 68 പേരെന്ന് റിപ്പോർട്ട്. നേപ്പാളിലെ സിവിൽ ഏവിയേഷൻ അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
നാല് ജീവനക്കാർ ഉൾപ്പെടെ 72 പേരുണ്ടായിരുന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ പേരുവിവരം ഇതുവരെയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. രക്ഷപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ കണ്ടെത്തിയ 65 മൃതദേഹവും കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാനാകാത്ത വിധമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
വിമാനം തകർന്നത് ലാൻഡിങ് അനുമതി ലഭിച്ചശേഷം
പൊഖാറ (നേപ്പാൾ) - നേപ്പാളിലെ പൊഖാറയിൽ ആഭ്യന്തര വിമാനം തകർന്ന് 64 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞതിനാൽ ആളുകളെ തിരിച്ചറിയാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. മരണസംഖ്യ ഉയരാനാണ് സാധ്യത.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഇന്ന് രാവിലെ 10.33ന് നാല് ജീവനക്കാരും അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടെ 72 പേരുമായി പുറപ്പെട്ട യെതി എയർലൈൻസ് വിമാനം ലാൻഡിങ്ങിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പൊഖാറയിൽ വച്ച് അഗ്നി വിഴുങ്ങുകയായിരുന്നു.
'ഞങ്ങൾ 31 മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോഴും 33 മൃതദേഹങ്ങൾ തോട്ടിൽ നിന്ന് പുറത്തെടുക്കുകയുണ്ടായി. ടൂറിസ്റ്റ് ടൗണിലെ വിമാനത്താവളത്തിന് സമീപമുള്ള രണ്ട് കുന്നുകൾക്കിടയിലെ തോട്ടിൽ രക്ഷാപ്രവർത്തകർക്ക് എത്താൻ പ്രയാസമാണെന്നും' പോലീസ് ഉദ്യോഗസ്ഥൻ അജയ് കെ.സി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിന്റെ പകുതിയും മലഞ്ചെരുവിലാണ്, വിമാനം തകർന്ന് മിനിറ്റുകൾക്ക് ശേഷം താൻ സൈറ്റിൽ എത്തിയതായി പ്രദേശവാസിയായ അരുൺ തമു പറഞ്ഞു. ബാക്കി പകുതി സേതി നദിയുടെ തോട്ടിൽ വീണു.
വിമാനം അടുത്തുവരുന്നത് താൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീക്ഷിക്കുകയായിരുന്നുവെന്ന് പ്രദേശവാസി ഖും ബഹാദൂർ ഛത്തേരി പറഞ്ഞു. വിമാനം ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നത് ഞാൻ കണ്ടു. പെട്ടെന്ന് അതിന്റെ മൂക്ക് ഡൈവ് ചെയ്യുകയും അത് തോട്ടിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു. പ്രദേശവാസികൾ ആദ്യം രണ്ട് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കൂടുതൽ സംഘങ്ങളും രക്ഷാപ്രവർത്തകരും എത്തി. തകർന്ന മലഞ്ചെരുവിൽ നൂറുകണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. അപകടമുണ്ടായ മലഞ്ചെരുവിലെ ഗ്രൗണ്ട് തീയുടെ അഗ്നിനാളങ്ങളിൽ കരിഞ്ഞുപോയതായും അദ്ദേഹം വ്യക്തമാക്കി.
1992ന് ശേഷമുള്ള നേപ്പാളിലെ ഏറ്റവും വലിയ വിമാന അപകടമാണിതെന്ന് ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്ക് വ്യക്തമാക്കി. 2000 മുതൽ രാജ്യത്ത് വിമാന അപകടങ്ങളിൽ 309 പേരാണ് ഇതിനകം മരിച്ചത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിമാന ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സർക്കാർ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും നേപ്പാൾ ധനമന്ത്രി ബിഷ്ണു പൗഡൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപകടത്തിൽ പെട്ട യെതി വിമാനത്തിന് 15 വർഷത്തെ പഴക്കമുണ്ടെങ്കിലും അപകട കാരണം വ്യക്തമല്ല. ഇന്നത്തെ കാലാവസ്ഥ തെളിഞ്ഞതായിരുന്നുവെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ വക്താവ് ജഗന്നാഥ് നിരൗല പറഞ്ഞു. എന്തായാലും തുടർ അന്വേഷണങ്ങളിലൂടെ മാത്രമേ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവൂ-അദ്ദേഹം വ്യക്തമാക്കി.
പഴയ ട്രാൻസ്‌പോണ്ടറാണ് വിമാനത്തിൽ സജ്ജീകരിച്ചതെന്ന് ഫ്‌ലൈറ്റ് റഡാർ 24 പറഞ്ഞു. 'ഞങ്ങൾ ഉയർന്ന മിഴിവുള്ള ഡാറ്റ ഡൗൺലോഡ് ചെയ്യുകയും ഡാറ്റയുടെ ഗുണനിലവാരം പരിശോധിച്ചുവരികയാണെന്നും വിദഗ്ധൻ പറഞ്ഞു.
അതിനിടെ, വിമാനത്തിന് ആകാശത്തുവച്ചു തന്നെ തീപിടിച്ചതായും തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമാണെന്നുമാണ് റിപ്പോർട്ട്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പൊഖാറ വിമാനത്താവളത്തിൽ കിഴക്കു പടിഞ്ഞാറ് ദിശയിലാണ് റൺവേ നിർമിച്ചിരിക്കുന്നത്.
ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെടുകയും അനുമതി നൽകുകയും ചെയ്തു. പിന്നീട് പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നൽകി. എന്നാൽ ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുമ്പ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 64 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്.
വിമാനദുരന്തം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനുട്ട് ബാക്കിനിൽക്കേ; 40 പേരുടെ മൃതദേഹം കണ്ടെടുത്തു; ആരേയും തിരിച്ചറിഞ്ഞില്ല
പൊഖാറ (നേപ്പാൾ) - നേപ്പാളിലെ വിമാന ദുരന്തത്തിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ, നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 12 വിദേശികളാണുള്ളതെന്നാണ് പ്രാഥമിക വിവരം. അമ്പതിലേറെ നേപ്പാൾ സ്വദേശികൾക്കു പുറമെ നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം നാല് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.
കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തി തീ വിഴുങ്ങുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
നൂറുകണക്കിന് പേർ വിമാനം തകർന്നുവീണ കുന്നിൻപുറത്ത് രക്ഷാപ്രവർത്തനത്തിലാണ്. വിമാനം കഷണങ്ങളായാണ് തകർന്നതെന്നും കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും കൃഷ്ണ ഭണ്ഡാരി റോയിട്ടേഴ്‌സിനോട് പറഞ്ഞു. നേപ്പാളിലെ യെതി എയർലൈൻസ് നടത്തുന്ന ഇരട്ട എഞ്ചിൻ എ.ടി.ആർ 72 വിമാനത്തിൽ രണ്ട് ശിശുക്കളും നാല് ജീവനക്കാരും പത്തിലേറെ വിദേശ പൗരന്മാരും ഉൾപ്പെടെ 72 പേരുണ്ടായിരുന്നുവെന്ന് എയർലൈൻ വക്താവ് സുദർശൻ ബർതൗള പറഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്നവരും മരിച്ചവരും ഓരോന്നും വ്യക്തമായി രേഖപ്പെടുത്തി അന്വേഷിച്ചുവരികയാണെന്ന് നേപ്പാൾ എയർപോർട്ട് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് ചുറ്റും രക്ഷാപ്രവർത്തകരും ജനക്കൂട്ടവും തടിച്ചുകൂടിയിരിക്കുകയാണ്. വിമാനം തകർന്ന് തീ പിടിച്ച് കട്ടിയുള്ള കറുത്ത പുക ഉയരുന്നതായി പ്രാദേശിക ടെലിവിഷൻ കാണിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു.
എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ വിമാനയാത്ര ഏറെ ദുഷ്‌കരമാണ്. കാലാവസ്ഥ പെട്ടെന്ന് മാറുകയും അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് വിമാനാപകടങ്ങൾക്ക് സാധ്യത കൂട്ടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
വിമാനദുരന്തം ഉദ്ഘാടനം കഴിഞ്ഞ് 15ാം നാൾ; 16 മൃതദേഹം കണ്ടെടുത്തു, യാത്രക്കാരിൽ ഇന്ത്യക്കാർ ഉൾപ്പെടെ 12 വിദേശികളും
പൊഖാറ (നേപ്പാൾ) - നേപ്പാളിലെ വിമാനദുരന്തത്തിൽ 16 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി അധികൃതർ. നാല് ജീവനക്കാർ ഉൾപ്പെടെ 72 പേരുമായി പറന്നുയർന്ന വിമാനം ഇന്ന് രാവിലെയാണ് തകർന്നുവീണ് അഗ്നിക്കിരയായത്.
നേപ്പാളിലെ കാസ്‌കി ജില്ലയിലെ പൊഖാറയിൽ പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ അഭ്യന്തര വിമാന സർവീസ് നടത്തിയ യെതി വിമാനം തകർന്നുവീണ് തീ പിടിക്കുകയായിരുന്നു.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് പൊഖാറ. വിഡിയോകളും ദൃശ്യങ്ങളും അനുസരിച്ച്, വിമാനത്തിലെ തീ അണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുമുള്ള തീവ്രമായ ശ്രമം തുടരുകയാണ്. അഗ്നിരക്ഷാ സംഘവും സൈന്യവും പോലീസും നാട്ടുകാരുമെല്ലാം സ്ഥലത്തെത്തി ഊർജിതമായ രക്ഷാപ്രവർത്തനങ്ങളിലാണ്.
കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനം ലാൻഡിംഗിനിടെ തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് അനുകൂല കാലാവസ്ഥയായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 72 പേരിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർ വിദേശികളാണെന്ന് യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതൗള പറഞ്ഞു.
ചൈനയുടെ സഹായത്തോടെ നിർമിച്ച പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം 15 ദിവസം മുമ്പാണ് പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ.
നേപ്പാൾ താഴ്‌വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുന്നുവെന്നും പൊഖാറ വിമാനത്താവളത്തിൽ ഇത് വളരെ പെട്ടെന്ന് ബാധിക്കുമെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിലെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂ പ്രകൃതിയനുസരിച്ച് നേപ്പാളിലെ വിമാനത്താവളങ്ങളിലെ യാത്ര അതീവ ദുഷ്‌കരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.