ലോഞ്ചോ (ജാർഖണ്ഡ്) - വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട യുവാവ് കാമുകനെ വെട്ടിക്കൊന്നു. ഭാര്യയെയും കാമുകനെയും ബെഡ്ഡിൽ വെച്ച് ഒരുമിച്ച് പിടികൂടിയ ശേഷം കാമുകനെ മരത്തിൽ കെട്ടിയിട്ട് കോടാലി കൊണ്ട് തല വെട്ടുകയായിരുന്നു. റാഞ്ചിക്കടുത്ത ലോഞ്ചോ ഗ്രാമത്തിലാണ് സംഭവം.
സെഗായിസായി ഗ്രാമത്തിലെ ശ്യാംലാൽ ഹെംബ്രം എന്നയാളാണ് കൊല്ലപ്പെട്ടത്. വിശ്വനാഥ് സുന്ദി എന്നയാളാണ് കൊല നടത്തി പോലീസിൽ കീഴടങ്ങിയത്.
ശ്യാംലാൽ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം രാത്രി ഭർത്താവ് സ്ഥലത്തില്ലാത്ത സമയം നോക്കി ഇരുവരും ഒരുമിക്കുകയായിരുന്നു. ഇത് മണത്തറിഞ്ഞാണ് താൻ വീട്ടിലെത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കാമുകനെ മർദ്ദിച്ച് വലിച്ചിഴച്ച് വീടിനടുത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം കോടാലി കൊണ്ട് തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശ്യാംലാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ തല വെട്ടി മാറ്റാൻ ഉപയോഗിച്ച മഴു കണ്ടെടുത്തതായി സോനുവ പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ അന്വേഷണങ്ങളിലാണ് പോലീസ് സംഘം.