Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

- വാജ്‌പേയ് സർക്കാറിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഇദ്ദേഹം ഏഴു തവണ ലോക്‌സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും  തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
   
ന്യൂദൽഹി - മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആർജെ.ഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അബോധാവസ്ഥയിൽ വ്യാഴാഴ്ച വൈകീട്ട് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാദവ് രാത്രിയോടെ വിടപറഞ്ഞുവെന്ന് മകൾ സുഭാഷിണി ശരത് യാദവ് ട്വിറ്ററിൽ അറിയിച്ചു.
 നിലവിൽ ആർ.ജെ.ഡി നേതാവായ ഇദ്ദേഹം ഏഴു തവണ ലോക്‌സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും ജെ.ഡി.യുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജെ.ഡി.യുവിന്റെ മുൻ പ്രസിഡന്റാണ്. രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, കേന്ദ്രമന്ത്രി എന്നതിനപ്പുറം കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ തുടങ്ങി വിവിധ തലങ്ങളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിൽ 1999-2004 കാലത്ത് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജെ.പി മൂവ്‌മെന്റിൽ അംഗമായാണ് രാഷ്ട്രീയ ജീവിതമാരംഭിച്ചത്. 
 ജെ.പിയുടെ നിർദേശമനുസരിച്ച് 1974-ൽ ജബൽപൂരിൽ മൽസരിക്കുമ്പോൾ 27 വയസ്സായിരുന്നു ശരത് യാദവിന്റെ പ്രായം. ഇവിടെ നിന്ന് ജയിച്ചാണ് ആദ്യമായി ലോക്‌സഭയിലെത്തിത്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു. ബിഹാറിൽ ജനതാദൾ (യു) ബി.ജെ.പിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർ.ജെ.ഡിയിൽ ലയിപ്പിക്കുകയായിരുന്നു.
 ബീഹാറിൽ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ ഭരണം അവസാനിപ്പിച്ച ജെ.ഡി.യുവിന്റെ പിറവിയിൽ നിതീഷ് കുമാറിനൊപ്പം ശരത് യാദവും പങ്കാളിയായിരുന്നു. പിന്നീട് ജെ.ഡി.യുവിന്റെ ആദ്യ അധ്യക്ഷനുമായി. 2017ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ അംഗമായപ്പോൾ, നിതീഷിനൊപ്പം പോകാഞ്ഞതിനെ തുടർന്ന് ശരത് യാദവിന് 2017ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെടുകയായിരുന്നു.
 ശേഷം 2018 മെയിൽ ലോക് താന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപവത്കരിച്ചു. 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ശരത് യാദവിന്റെ പാർട്ടി ലയിക്കുകയായിരുന്നു. 
 1947 ജൂലൈ ഒന്നിന് മധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിലെ കർഷക കുടുംബത്തിൽ നന്ദകിഷോർ യാദവിന്റെയും സുമിത്രയുടെയും മകനായാണ് ജനനം. ജബൽപൂർ എൻജിനീയറിങ് കോളജിൽ നിന്നു ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശരത് യാദവ് ജബൽപ്പൂർ റോബർട്ട്‌സൻ കോളജിൽനിന്നു ബി.എസ്.സി ബിരുദവും കരസ്ഥമാക്കി. ശരത് യാദവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും അനുശോചിച്ചു. ഭാര്യ: രേഖാ യാദവ്. രണ്ടു മക്കളുണ്ട്.

Latest News