കയ്‌റോ- വിവാഹ ടൂറിസം പദ്ധതികൾക്കായി ഇന്ത്യയിൽനിന്നടക്കം നിരവധി പേർ ഈജിപ്തിലേക്ക്. വിവാഹ ചടങ്ങ് നടത്തുന്നതിനുള്ള ഇഷ്ടയിടമായി ഈജിപ്ത് മാറുന്നതിന്റെ സൂചനയാണിതെന്ന് ഈജിപ്ഷ്യൻ ടൂറിസം പ്രമോഷൻ ബോർഡ് (ഇ.ടി.പി.ബി) ചെയർമാൻ അമർ എൽഖാദി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിൽനിന്നുള്ള 337 അതിഥികളെയുമായി ഒരു വിമാനം ഈജിപ്തിലെത്തി. അഹമ്മദാബാദ് വിമാനതാവളത്തിൽനിന്നാണ് വിമാനം എത്തിയത്. ഷർം എൽഷെയ്ഖ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇന്ത്യൻ സംഘം എത്തിയത്. വിവാഹത്തിന് ശേഷം വധൂവരൻമാർ കുറച്ചുദിവസം ഈജിപ്തിൽ തുടരും. അതിഥികൾ മുൻകൂട്ടി നിശ്ചയിച്ച വിമാനത്തിൽ മടങ്ങും.
മുൻകാലങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബികൾ പലപ്പോഴും ഈജിപ്തിൽ വിവാഹങ്ങൾക്ക് എത്തിയിരുന്നു. പിന്നീട് ഇഷ്ടപ്പെട്ട വിവാഹ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് രാജ്യം പിറകിലേക്ക് പോയി. ടൂറിസം, പുരാവസ്തുക്കളുടെ വൻ ശേഖരം എന്നീ വരുമാന സ്രോതസുകൾക്ക് പുറമെ, വിവാഹ ടൂറിസം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈജിപ്ത്.
ഇന്ത്യൻ ഇവന്റ് മാനേജ്‌മെന്റ് വെൽഫെയർ ഫെഡറേഷൻ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻ വിവാഹങ്ങൾ ഈജിപ്തിൽ സംഘടിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളറിന് വിദേശത്ത് വിവാഹങ്ങൾ സംഘടിപ്പിക്കുന്ന ഒരു വിഭാഗം ഇന്ത്യൻ സമൂഹമുണ്ടെന്നും എൽഖാദി പറഞ്ഞു.