ആലപ്പുഴ-വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കലക്ടര്‍ക്ക് കത്തെഴുതിയ വിദ്യാര്‍ഥിക്ക് വൈദ്യുതി പുനസ്ഥാപിച്ചു നല്‍കി ജില്ലാ കലക്ടര്‍. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ അര്‍ജുന്‍ കൃഷ്ണയെന്ന മൂന്നാം ക്ലാസുകാരനാണ് തന്റെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് കലക്ടര്‍ക്ക് കത്തെഴുതിയത്.
മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ലാത്തതിനാല്‍ മെഴുക് തിരി വെട്ടത്തിലാണ് അര്‍ജ്ജുനും കുടുംബവും കഴിയുന്നത്. വീട്ടിലിരുന്ന് പഠിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബുധനാഴ്ചയാണ് ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കത്ത് ലഭിച്ചത്. ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കെ.എസ്.ഇ.ബി.യിലേക്ക് അടക്കാനുണ്ടായിരുന്ന പണമടച്ച് വൈദ്യുതി കണക്്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കുകയുമായിരുന്നു. വ്യാഴാഴ്ച മാവേലിക്കരയിലെ അര്‍ജുന്‍ കൃഷ്ണയുടെ വീട് കലക്ടര്‍ സന്ദര്‍ശിച്ചു. വീട്ടില്‍ എട്ട് വര്‍ഷമായി ടി.വി. ഇല്ലെന്നും കത്തില്‍ എഴുതിയിരുന്നു. അര്‍ജുന്‍ കൃഷ്ണയ്ക്ക് സമ്മാനമായി ടി.വിയും നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്. നിര്‍ധന കുടുംബാംഗമായ അര്‍ജുന് പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നും പുതിയ യൂണിഫോം വാങ്ങി നല്‍കാമെന്നും കലക്ടര്‍ ഉറപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)