Sorry, you need to enable JavaScript to visit this website.

അസഹ്യമായ ദുര്‍ഗന്ധം; ഹോട്ടലുകളില്‍ എത്തിക്കാനിരുന്ന 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

കൊച്ചി- കളമശ്ശേരിയില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി നഗരസഭ 20ാം വാര്‍ഡില്‍ എച്ച്എംടിക്ക് അടുത്ത കൈപ്പടമുകള്‍ ജന്നത്തുല്‍ ഉലൂം മദ്രസക്ക് സമീപത്തെ വീട്ടില്‍ നിന്നാണ് പഴകിയ കോഴി ഇറച്ചി പിടിച്ചെടുത്തത്. ഇറച്ചി അഴുകിത്തുടങ്ങിയിരുന്നു. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉള്‍പ്പെടെയുള്ള ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ എത്തിച്ചതാണ് ഇറച്ചിയെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത് എത്തിച്ചത്. പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.  പിടിച്ചെടുത്ത ഇറച്ചിയും എണ്ണയും കളമശേരിയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ കുഴിച്ചുമൂടി.
നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസഹ്യമായ ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ നഗരസഭയിലെത്തി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ എട്ടരയോടെ കളമശ്ശേരി നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയത്. ആരോഗ്യവിഭാഗം പരിശോധനക്കെത്തിയപ്പോള്‍ 500 കിലോ പഴകിയ ഇറച്ചി വീട്ടുമുറ്റത്തും തെങ്ങിന്‍ചുവട്ടിലുമായി കിടന്നിരുന്ന ഫ്രീസറുകളില്‍ നിന്നാണ് കണ്ടെത്തിയത്.  ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് സ്ഥാപനം. വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയുന്ന അഞ്ച് പേരാണ് വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും ഇല്ലായിരുന്നു. ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.  ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഉടമയായ ജൂനൈസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയുടെ ചികിത്സക്കായി കോയമ്പത്തൂരിലാണെന്നും ഉടനെ വരാന്‍ കഴിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. ഭാര്യക്ക് കുടലില്‍ ക്യാന്‍സറാണെന്നും കടംകയറി നില്‍ക്കുകയാണെന്നും ഇയാള്‍ ഉദ്യോഗസ്ഥനോട് പറഞ്ഞതോടെ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കാന്‍ ധാരണയായി. ഇയാളെ നോട്ടീസ് നല്‍കി വിളിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് നഗരസഭ ഹെല്‍ത്ത് കമ്മിറ്റി അടിയന്തര യോഗം ചേരും. ഉടമസ്ഥനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നും അതിനുശേഷം മാത്രമേ ഇയാള്‍ എവിടെയൊക്കെയാണ് വില്പന നടത്തിയതെന്നുള്ള വിവരം ലഭ്യമാവുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെനിന്ന്് കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.  തൃക്കാക്കര ഉണിച്ചിറയിലുള്ള ഹോട്ടലിലേക്ക് ഇവിടെ നിന്ന് ഷവര്‍മ ഉണ്ടാക്കി കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ ചെറുതും വലുതുമായ വിവിധ ഹോട്ടലുകളിലേക്കും മാസങ്ങളോളം പഴക്കമുള്ള ഇറച്ചി എത്തിച്ചിരുന്നതായാണ് വിവരം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News