'നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന/ കുക്കുടക്കാലൊന്നു മാറ്റിക്കളയെടാ' എന്ന് നമ്പ്യാർ കവിതക്ക് ഒരു പാരഡി കേട്ടാൽ അദ്ഭുതം തോന്നരുത്. അതു മോണോ ആക്‌ടോ ഓട്ടൻ തുളളലോ അല്ല. കോഴിക്കോട്ടു സമാപിച്ച സ്‌കൂൾ യുവജനോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച പുതിയ ഗുലുമാലു തന്നെ. ഉത്സവം കഴിഞ്ഞ പറമ്പിൽ നിന്നും പിന്നീടു പൊട്ടിയ ചില 'വെടി'കൾ പോലെ. തൃശൂർ പൂരം ഏതാണ്ട് അതിനടുത്തു വരും. ഇങ്ങനെയൊരു വിവാദം ഇതാദ്യമെന്നേ പറയാവൂ! പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രതിദിന സദ്യ കേമാമാണെന്നു പറയാത്തവർ ഈ ദുനിയാവിലില്ല. അഥവാ ഉണ്ടെങ്കിൽ അവർ അത് ഉണ്ടിട്ടില്ല. അത്ര തന്നെ. കോഴിക്കോട്ടു നടത്തുമ്പോഴെങ്കിലും ഒരു കോഴിക്കാൽ കടിച്ചു ചവയ്ക്കാൻ മത്സരാർഥികൾ ആശിച്ചുവെങ്കിൽ അതു തികച്ചും ന്യായം. കഴിഞ്ഞ അറുപതു കൊല്ലമായി മോഹിക്കാത്തവർ ഇക്കുറി മോഹിച്ചുവെന്നത് അന്വേഷണ വിഷയമാക്കാം, അത്യാവശ്യം ഒരു കമ്മീഷനെയും വെയ്ക്കാം. ഓരോ കൊല്ലവും ആൾക്കാർ മാറിമാറി വരികയാണല്ലോ. അഭിരുചിയിലും ആഹാത്തിന്റെ രുചിയിലും മാറ്റമുണ്ടാകും. പാചകത്തിൽ എളുപ്പം 'വെജിറ്റേറിയൻ' തന്നെ. വിഭവങ്ങൾക്കു മൊത്തം ഇരുട്ടിവെളുക്കണമെന്നു മാത്രം! അവശിഷ്ടങ്ങൾ ഭൂമിയിൽ തന്നെ ദഹിച്ചുകൊള്ളും. നോൺ വെജിന് രുചിയും എരിവും കൂടും. വേസ്റ്റും വീഥിയിലെ ശ്വാനന്മാരും ചേർന്ന് നല്ലൊരു വിവാദ വിഷയം തുറന്നു തരികയും ചെയ്യും. ചിലപ്പോൾ പകർച്ചവ്യാധിയും. മുകളിൽ കാകന്മാർ വട്ടമിട്ടു സഹകരിച്ചാൽ പല വേദികളിലും എല്ലും മുള്ളുമായി ഭക്ഷണ വൃത്താന്തം ശ്രദ്ധയമാകുകയും ചെയ്യും. മത്സരിക്കുന്ന കുട്ടികൾ കിട്ടന്നതു വല്ലതും കഴിച്ചു പശിയടക്കും. രക്ഷാകർത്താക്കളെയും ജനപ്രതിനിധികളെയും വിശ്വസിക്കാനാകില്ല. ഫുഡ് വെറുതെ കിട്ടുന്നതിനാൽ വിവിധ ഇനങ്ങൾ മോഹിക്കും. രഹസ്യ സർവേ നടത്തിയാൽ തന്തൂരിയാണോ ഷവർമയാണോ ലീഡ് ചെയ്യുക എന്നു പറയാനാകില്ല. പഴയിടം നമ്പൂതിരി പാചക ചക്രവർത്തി തന്നെ. പക്ഷേ ഇത്തവണ നൈറ്റ് വാച്ചറുടെ പണി കൂടി ചെയ്യേണ്ടിവന്നു. ആരെങ്കിലും 'കലവറ'യിൽ കയറി അട്ടിമറി നടത്തിയാലോ? പിണറായി മന്ത്രിസഭയെ തള്ളിയിടാൻ തക്കം പാത്തു നടക്കുന്ന ഒരു ലക്ഷം പേരെങ്കിലും ആ പ്രദേശത്തമുണ്ട്. വകുപ്പു മന്ത്രി ശിവൻ കുട്ടിയാണെങ്കിൽ പാതി മനസ്സോടെയാണ് വെണ്ടയ്ക്കാ സാമ്പാറും പപ്പടവും കഴിച്ചു പോരുന്നതും. അടുത്ത തവണ വിവാദമുണ്ടാക്കാമെന്നു പറഞ്ഞു സഖാവ് തൽക്കാലം തടിയൂരി. ചിക്കൻ, പോർക്ക്, ബീഫ്, ബഫലോ തുടങ്ങി തർക്ക വിഷയങ്ങൾ മന്ത്രി മനസ്സിൽ വരിവരിയായി നിറഞ്ഞു വന്നിരുന്നു. പഴയിടം പാചക നമ്പൂതിരിയാകട്ടെ, അടുത്ത ശാസ്ത്രമേളക്കുള്ള ടെണ്ടർ പിൻവലിച്ച് ഇല്ലം പൂകി. ഇത്തവണ ഉണ്ടായ സംഭവ വികാസങ്ങൾക്കു പിന്നിൽ ന്യായമായും ഒരു 'വിദേശ ഗൂഢാലോചന' സംശയിക്കാം. മടിച്ചുനിൽക്കണ്ട, സംശയിച്ചേ തീരൂ, അണികളെ ഒന്ന് ഉഷാറാക്കണ്ടേ?
*** *** ***
പ്രശസ്ത നോവലിസ്റ്റും നാടകകൃത്തും പത്രാധിപരുമൊക്കെ ആയിരുന്ന വൈക്കം ചന്ദ്രശേഖരൻ നായർക്ക് വൈകിട്ട് ഇരുട്ടും മുമ്പേ ഏതെങ്കിലും വേദിയിൽ കയറി പ്രസംഗിക്കണം. അല്ലെങ്കിൽ വല്ലാത്ത അസ്വസ്ഥതയായിരിക്കും. ഇന്നത്തെ സംസ്ഥാന ഹീറോ ശശി തരൂരിനെയും അത്തരം ഒന്ന് ബാധിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. ദില്ലിയിലെ വീഴ്ചക്കു ശേഷം പ്ലാസ്റ്റർ ഊരിക്കളഞ്ഞു തിരുവനന്തപുരത്ത് ലാന്റ് ചെയ്ത ശേഷം ഇരിക്കപ്പൊറുതിയുണ്ടോ? നിത്യവും പ്രസംഗം അല്ലെങ്കിൽ പ്രഭാഷണം. പെരുന്നയിൽ ചെന്നു പ്രസംഗിച്ച ശേഷമാണ് അദ്ദേഹം വിശ്വപൗരനായി വാഴ്ത്തപ്പെട്ടത്! ഇന്ത്യൻ പ്രധാനമന്ത്രി വരെ ആകാൻ യോഗ്യതയുളള, തറവാട്ടിൽ പിറന്ന നായരാണ് അദ്ദേഹം എന്നായിരുന്നു പെരുന്ന പോപ്പിന്റെ സ്തുതി വചനം. പലതും അകത്തും പുറത്തും കേട്ടു ശീലിച്ചതിനാൽ തരൂർജി വീണ്ടും നിലത്തു വീണില്ല എന്നേയുള്ളൂ. അദ്ദേഹം 'മാരാമൺ' യോഗത്തിലേക്കു കടന്നു സ്വജീവൻ രക്ഷിച്ചു. എന്നാൽ ചരിത്ര പ്രധാനമായ ആ സ്തൂതി ഗീതം അങ്ങു ദില്ലിയിൽ അലയടിച്ചു എന്നാണ് വാർത്ത. കേന്ദ്ര ഭരണ പാർട്ടി പലേടത്തും ദുർബലമായി വരുന്നു. രാഹുലൻ ജോഡോ നടത്തിയും പ്രിയങ്കയുടെ 'ലൂണാ' എന്ന നായയെ കളിപ്പിച്ചും മുന്നേറി ദൽഹി ഒട്ടു മുക്കാലും പിടിച്ചടക്കിക്കഴിഞ്ഞു. ഈ അത്യന്തം നിർണായക ഘട്ടത്തിൽ തന്ത്രപരമായൊരു നീക്കം മോഡിജിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നവരുണ്ട്. കോൺഗ്രസിൽ പൊതുവെ തഴയപ്പെട്ട തരൂരിനെ പെരുന്ന സുകുമാരൻ നായരുടെ സഹായത്തോടെ തൽക്കാലം പ്രധാനമന്ത്രി സ്ഥാനത്തു കൊണ്ടുവരാൻ അദ്ദേഹം തയാറായേക്കും. അതോടെ അവശേഷിക്കുന്ന കോൺഗ്രസും പെട്ടിക്കുള്ളിലാകും. ക്രമേണ തരൂർജിയെ താഴെയിറക്കി മോഡിജി ഭരണം തുടരും. പക്ഷേ, അതിനകം തന്നെ, ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ മലയാളി നായർ എന്ന ഖ്യാതി തരൂർജിക്കും ഭാരത ചാണക്യൻ എന്ന പദവി പെരുന്ന പോപ്പിനും ലഭിച്ചിരിക്കും. ഒന്നും കാണാതെ മാവേലെറിയുന്ന പ്രകൃതമല്ല പോപ്പിന്. ആരെയെങ്കിലും ചീത്ത പറയാതെ ഉറങ്ങിയ ശീലവുമില്ല. അതിനാൽ ചെന്നിത്തല നായർക്കും കൊച്ചി മേനോനും കൊടുത്തു രണ്ടു വീക്ക്! കഴിഞ്ഞ തവണ യു.ഡി.എഫ് തോറ്റതു ചെന്നിത്തലക്കാരനെ മുന്നിൽ നിർത്തിയതുകൊണ്ടത്രേ! സതീശനാണെങ്കിൽ, ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന അശ്ലീലം പറഞ്ഞ വിവര ശൂന്യനാണെന്ന് ഒരു സ്വഭാവ സർട്ടിഫിക്കറ്റും നൽകി. ഇനി രണ്ടു പേർക്കും തലയിൽ മുണ്ടിട്ടുകൊണ്ടേ പുറത്തിറങ്ങാനാവൂ! ഇവരൊക്കെ 'മാർഗേ കിടക്കുന്നതു'കൊണ്ടാണ് തരൂരിനു മുഖ്യമന്ത്രിയാകാൻ കഴിയാത്തതെന്നു മറ്റൊരു പ്രഖ്യാപനവും നടത്തി. ഞാൻ മുഖ്യമന്ത്രിയാകാനും തയാർ. പക്ഷേ ജനങ്ങളാണ് അതു തീരുമാനിക്കേണ്ടത്- എന്ന തരൂരിന്റെ കൊച്ചി പ്രസ്താവന കോളിളക്കമുണ്ടാക്കും. ഇന്ദിര ഭവനിൽ അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം!
*** *** ***
2024ൽ പെയ്യാൻ പോകുന്ന മഴക്ക് പലരും ഇപ്പോഴേ കുട പിടിക്കാൻ തുടങ്ങി. കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ബി.ജെ.പിയുടെ ഒരു കേന്ദ്ര നേതാവ് ജാവദേക്കർ കൊച്ചിയിലെത്തിയത് ഇടതുപക്ഷത്തിന് ആശ്വാസം പകരാനുള്ള ഒരു പ്രസ്താവന നടത്താൻ വേണ്ടി മാത്രമായിരുന്നു- '2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ തന്നെയാകും പാർട്ടിയെ മുന്നിൽ നിന്നു നയിക്കുക.' മതി, ധാരാളം! അതിനു വേണ്ടി ആകാശ മാർഗേണ വരേണ്ടിയിരുന്നില്ല. ഉള്ളി സുരേന്ദ്രജിയുടെ പാടവം കേരളീയരെ ബോധ്യപ്പെടുത്താൻ എന്തു മാത്രം വാഹനച്ചെലവായി! ഉള്ളി മല കയറിയതും, തോളത്തിരുന്ന 'കെട്ട്' താഴേക്കു വീണതുമൊക്കെ പ്രേക്ഷകർ 'ലൈവായി' കണ്ടു ഞെട്ടിയതും ആസ്വദിച്ചതുമൊക്കെയാണ്. ഒരു കാര്യം പകൽ പോലെ വ്യക്തമായി- 2024 ലും ബി.ജെ.പിക്ക് 'ക്ലീൻ സ്ലേറ്റിൽ വട്ടപ്പൂജ്യം' തന്നെ നേടാനാകും. ഇതിൽ സുധാകര ഗുരുവുമായി ഒരു രഹസ്യ ധാരണയും ശങ്കിക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് 'കളരി ഗുരു' തന്നെയാകും എന്നാണല്ലോ വാർത്ത. അവിടെ സുരേന്ദ്രൻ, ഇവിടെ സുധാകരൻ. രഹസ്യ അജണ്ടക്കും ആനന്ദലബ്ധിക്കും ഇനിയെന്തു വേണം എന്നാണ് അസൂയാലുക്കളുടെ ചോദ്യം. എന്നാൽ കോൺഗ്രസ് നിർമാജനത്തിനായുള്ള ഉള്ളി-പിണറായി അജണ്ട ആരും കാണാതെ പോകുന്നു എന്നൊരു ബദൽ തീസിസുമായി സുധാകര ഗുരു രംഗത്തു വരാനുള്ള ഗൃഹപാഠം എഴുതിവരികയാണ് എന്നും അറിയുക!