കോവിഡ് മഹാമാരി കാരണമുണ്ടായ രണ്ട് വർഷത്തെ ഇടവേളക്കു ശേഷം ആഗോള കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) ഇത്തവണ പൂർവാധികം ശക്തമായി തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികൾ തങ്ങളുടെ ശ്രദ്ധേയമായ ഉൽപന്നങ്ങൾ ഒരിക്കൽ കൂടി ലാസ് വെഗാസിൽ അവതരിപ്പിച്ചു. പറക്കുന്ന ഇലക്ട്രിക് ബോട്ടും കൂറ്റൻ വയർലസ് ടെലിവിഷനും മുതൽ വീട്ടിലെ ടോയ്‌ലറ്റിൽ സ്ഥാപിക്കുന്ന പീ സെൻസർ വരെ ശ്രദ്ധേയമായി.
പുതിയ കണ്ടുപിടിത്തങ്ങളും ഉൽപന്നങ്ങളും കാണുന്നതിന് ആളുകൾ നേരിട്ടെത്തി എന്നതു തന്നെയാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ സവിശേഷത. ലക്ഷത്തിലേറെ പേർ പങ്കെടുത്തതും 2200 ലധികം കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ അവതരിപ്പിച്ചതും വലിയ നേട്ടമായി വിലയിരുത്തുന്നു. 2020 ന് ശേഷം ആദ്യമായാണ് പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശനത്തിനെത്തിയത്. ഇതുവരെ കാണാത്ത ആശയവുമായി അരങ്ങിലെത്തിയ നിരവധി ഉൽപന്നങ്ങളുണ്ട്.
ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിൽ ചില ഉൽപന്നങ്ങൾ പുനർരൂപകൽപന ചെയ്തും അവതരിപ്പിച്ചു.
എൽജിയുടെ 97 ഇഞ്ച് വയർലസ് ഒഎൽഇഡി ടിവി സിഇഎസിൽ ശ്രദ്ധേയമായി. സാങ്കേതിക വിദ്യയും വലിപ്പവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ടി.വി പൂർണമായും വയർലസ് ആണെന്നത് വ്യത്യസ്തമാക്കുന്നു. വിനോദത്തിനായി നിങ്ങൾ ഇരിക്കുന്ന സ്ഥലത്ത് ഈ ടിവിയാണെങ്കിൽ വയറുകൾ കാണാനേ ഉണ്ടാകില്ല. 83, 77, ഇഞ്ച് പതിപ്പിനൊപ്പം 97 ഇഞ്ചും 2023 ൽ പുറത്തിറങ്ങുമെന്ന് എൽ.ജി കമ്പനി പറയുന്നു. അതേസമയം വില കുറയുമെന്ന് പ്രതീക്ഷിക്കരുത്. വിലയിലും വലിപ്പം തന്നെയായിരിക്കും മുന്നിൽ.
നിങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ അറിയാൻ രക്തവും മൂത്രവും പരിശോധിക്കാൻ ഇനി ലാബിലേക്ക് പോകേണ്ടതില്ല. വീട്ടിലെ ടോയ്‌ലറ്റിൽ ഒന്നിനു പോയാൽ മാത്രം ഇതൊക്കെ സാധിക്കുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. അങ്ങനെയുള്ള ഒരു കണ്ടുപിടിത്തമാണ് പ്രദർശനത്തിൽ അവതരിപ്പിച്ചത്.
വിതിംഗ്‌സ് യുസ്‌കാൻപീ സെൻസർ ഉപയോഗിച്ച് ഉടൻ തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയും. ടോയ്‌ലറ്റിന്റെ മുൻവശത്ത് വെച്ചിരിക്കുന്ന സെൻസർ മൂത്രമൊഴിക്കുമ്പോൾ കൃത്യമായ സാമ്പിൾ ശേഖരിക്കുകയും വിശകലനം ചെയ്ത് ഫലം വൈഫൈ വഴി ഫോണിലേക്ക് അയക്കുകയും ചെയ്യുന്നു.
ദിവസേനയുള്ള കെറ്റോണുകളും വിറ്റാമിൻ സി ലെവലും നിരീക്ഷിക്കാനും മൂത്രത്തിന്റെ പിഎച്ച് നില പരിശോധിക്കാനും കഴിയുമെന്നതാണ് എന്തു ഫലങ്ങളെന്ന് ചോദിക്കുന്നതിനുള്ള മറുപടി. ഇത് വഴി വൃക്കകളുടെ മൊത്തത്തിലുള്ള നില ഉറപ്പു വരുത്താം. മറ്റൊരു കാട്രിഡ്ജ് ഉപയോഗിച്ചാൽ സ്ത്രീകൾക്ക് അവരുടെ ആർത്തവ ചക്രം ട്രാക്ക് ചെയ്യാനും കഴിയും.
വീട്ടിൽ വെച്ച് മൂത്രം പരിശോധിക്കാൻ കഴിയുന്ന മൂത്രപരിശോധന സ്ട്രിപ്പുകൾ നേരത്തെ തന്നെ ലഭ്യമാണ്. എന്നാൽ പരിശോധനയും ഫലങ്ങളുമൊക്കെ എളുപ്പമാക്കുകയാണ് യുസ്‌കാൻ ചെയ്തിരിക്കുന്നത്. ദിവസവും ഈ പരിശോധന നടത്താനും ഫലങ്ങൾ ഉടൻ തന്നെ വിരൽതുമ്പിൽ ലഭ്യമാക്കാനും കഴിയുന്നു എന്നതാണ് വേറിട്ടു നിർത്തുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)