കോട്ടയം - മകന്റെ കല്യാണത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ ബൈക്കിൽ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി(48)യാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്.
പാമ്പാടി എട്ടാം മൈലിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. മകന്റെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പർ ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയുടെ ഇളയമകൻ അനിൽ സാം മാത്യു ഒന്നര വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. അടുത്തയാഴ്ചയാണ് മകന്റെ വിവാഹം.
സാങ്കേതികത്തകരാർ; അമേരിക്കയിലെ വ്യോമമേഖല സ്തംഭിച്ചു
ന്യൂയോർക്ക് - അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവെച്ചതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് എല്ലാ വിമാനങ്ങളുടെയും സർവീസ് നിർത്തിയതെന്നാണ് റിപ്പോർട്ട്. വിമാന ജീവനക്കാർക്കും മറ്റും മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തതിനാലാണിതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) റെഗുലേറ്ററിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
വിമാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിവരങ്ങൾ കൈമാറുന്ന നോട്ടാം സംവിധാനത്തിലാണ് തകരാർ. പൈലറ്റുമാരുൾപ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കാത്തവിധം സാങ്കേതിക തടസ്സമുണ്ടായെന്നും വിമാന സർവീസ് ഇപ്പോൾ നടത്താനാവില്ലെന്നും ഫെഡറൽ ഏവിയേഷൻ വിഭാഗം അറിയിച്ചു.
ഇന്ന് രാവിലെ 5.31വരെ 400-ലധികം വിമാനങ്ങൾ വൈകി. എന്നാൽ സാങ്കേതിക തകരാർ എപ്പോൾ ശരിയാകുമെന്ന കാര്യത്തിൽ ഇതുവരെയും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏകദേശം നാനൂറോളം വിമാനങ്ങൾ നിലത്തിറക്കി. മൊത്തം 760ലേറെ വിമാനങ്ങളുടെ സർവീസിനെ ബാധിച്ചെന്നും ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. 1200-ലേറെ വിമാനങ്ങൾ വൈകിയതായി സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ വ്യോമ മേഖല മൊത്തം സ്തംഭനാവസ്ഥയിലാണെന്നും ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്നം ബാധിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.