ഹിജാബ് വിലക്ക്; ഉഡുപ്പി സര്‍ക്കാര്‍ കോളേജുകളില്‍ മുസ്ലിം കുട്ടികള്‍ പകുതി കുറഞ്ഞു

ബംഗളൂരു- കര്‍ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ പി.യു.സികളില്‍ (പ്രീ യൂണിവേഴ്‌സിറ്റി കോളേജ്) മുസ്ലിം വിദ്യാര്‍ഥികളുടെ പ്രവേശനം പകുതിയായി കുറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ഡാറ്റ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഹിജാബ് ധരിച്ച ആറ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ വര്‍ഷം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കുന്നത് വിലക്കിയതിനെ തുടര്‍ന്നാണ്  ഉഡുപ്പി പിയുസിയിലെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കണമെന്ന ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു. ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.
ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളേജുകളിലെ (പിയുസി) മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഏകദേശം 50 ശതമാനം ഇടിവുണ്ടായതായി പ്രത്യേക ഡാറ്റാ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
2022-23ല്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിയുസിക്ക് രജിസ്റ്റര്‍ ചെയ്തത് എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 4,971 വിദ്യാര്‍ത്ഥികളാണ്. മുന്‍ വര്‍ഷം ഇത് 5,962 ആയിരുന്നു.
ജില്ലയിലെ പ്രീയൂണിവേഴ്‌സിറ്റി കോളേജുകളില്‍ (ക്ലാസ് 11) പ്രവേശിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികളില്‍ കാര്യമായ മാറ്റമില്ലെങ്കിലും സര്‍ക്കാര്‍ പിയുസി പ്രവേശനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
2022-23ല്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ പിയുസികളില്‍ 186 മുസ്ലിം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത് (91 പെണ്‍കുട്ടികളും 95 ആണ്‍കുട്ടികളും). 2021-22 ല്‍ ഇത് 388 ആയിരുന്നു (178 പെണ്‍കുട്ടികളും 210 ആണ്‍കുട്ടികളും). പകുതിയോളമാണ് കുറവ്.  
2022-23ല്‍ സ്വകാര്യ പിയുസികളില്‍ മുസ്ലീം കുട്ടികളുടെ പ്രവേശനം 927 ആണ്. (487 പെണ്‍കുട്ടികളും 440 ആണ്‍കുട്ടികളും) 2021-22ല്‍ ഇത് 662 ആയിരുന്നു  (328 പെണ്‍കുട്ടികളും 334 ആണ്‍കുട്ടികളും).

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News