Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു

മലപ്പുറം- കിഴക്കെതലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ കൊടിഞ്ഞി സ്വദേശിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി മറ്റത്ത് സൂപ്പിയുടെ ഭാര്യ ആലിപ്പറമ്പില്‍ ഫാത്തിമയാണ് മരിച്ചത്. കൊടിഞ്ഞി ഐഇസി സ്‌കൂളിലെ അധ്യാപികയാണ്.
വേങ്ങര സ്വദേശിനിയാണ്. കൊടിഞ്ഞി ജിഎംയുപി, തിരുത്തി ജിഎംഎല്‍പി, കൊടിഞ്ഞി എം എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മലപ്പുറം കിഴക്കെതല ഓര്‍ക്കിഡ് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

നർത്തകിയും ചിത്രകാരിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു

തിരുവനന്തപുരം - നയതന്ത്ര വിദഗ്ധനും ഇന്ത്യയുടെ മുൻ അംബാസഡറുമായ ടി.പി ശ്രീനിവാസന്റെ ഭാര്യയും ചിത്രകാരിയും നര്‍ത്തകിയുമായ ലേഖ ശ്രീനിവാസന്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍.
 കരുണ ചാരിറ്റീസ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷയായിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണ്‍ പദവിയും വഹിച്ചിട്ടുണ്ട്. മക്കള്‍: ശ്രീനാഥ്, ശ്രീകാന്ത്.

അസാധാരണ പ്രതിഭാസം; ജോഷിമഠ് ഭീതിയിൽ, ഗ്രാമങ്ങളിൽ പലായനം
 ജോഷിമഠ് - റോഡുകൾ താണും ഭൂമി വിണ്ടുകീറിയും കെട്ടിടങ്ങൾ ഇടിഞ്ഞുവീണും ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രം കൂടിയായ ജോഷിമഠ് രാജ്യത്തെ ഞെട്ടിക്കുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് 300 കിലോമീറ്റർ അകലെയാണീ അസാധാരണ പ്രതിഭാസം.
 കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ഞൂറിലധികം വീടുകളാണ് വിണ്ടുകീറിയത്. ഇതോടെ നാല് വാർഡുകളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഈ ഗ്രാമങ്ങളിൽ നിന്ന് ആളുകളെ മുഴുവാനും ഒഴിപ്പിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
ജോഷിമഠിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. അപകടം മുന്നിൽ കണ്ടുള്ള ഒഴിപ്പിക്കൽ നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി അഭ്യർത്ഥിച്ചു.
ജോഷിമഠിലെ സാഹചര്യങ്ങൾ പഠിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 
  സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരമായുള്ളത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽ സുപ്രീകോടതി നാളെ തീരുമാനമെടുക്കും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ്  സന്ദർശിച്ച് അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്. പ്രദേശത്തേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും ജോഷി മഠിലെ തപോവൻ ഹൈഡ്രോ പവർ പ്രൊജക്ട് അടക്കമുള്ള നിർമ്മാണങ്ങളാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതുവരെ 68 കുടുംബങ്ങളെ മാത്രമാണ് ഒഴിപ്പിച്ചതെന്നും നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
 രക്ഷാപ്രവർത്തനം മന്ദഗതിയിൽ ആയതോടെയാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി എല്ലാവരുടെയും സഹകരണം തേടിയത്. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ജോഷിമഠിനെ തകർക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു. ജനങ്ങളെ എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് കേന്ദ്രസംഘം സമർപ്പിക്കുന്ന റിപ്പോർട്ടിലെ നിർദ്ദേശ പ്രകാരം ഹ്രസ്വ-ദീർഘകാല പരിഹാര പദ്ധതികൾ നടപ്പാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News