Sorry, you need to enable JavaScript to visit this website.

ഉയര്‍ന്ന പലിശ മോഹിച്ച് നിക്ഷേപിച്ചവര്‍ നിരവധി; വനിതാ അസി.ജനറല്‍ മാനേജര്‍ കീഴടങ്ങി

കണ്ണൂര്‍-അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കേസില്‍ അഞ്ചാം പ്രതിയായ അസി.  ജനറല്‍ മാനേജര്‍ ആദികടലായി വട്ടക്കുളത്തെ സി.വി.ജീനയാണ് കണ്ണൂര്‍ ജെ എഫ് സി എം കോടതിയില്‍ കീഴടങ്ങിയത്.
ഇതോടെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് ഡയറക്ടര്‍മാരെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
കോടികളുടെ അര്‍ബന്‍നിധിയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരില്‍ നിന്നായി 31 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലാണ് മയ്യില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
മയ്യില്‍ കരിങ്കല്‍കുഴി സ്വദേശിയില്‍ നിന്ന് 15,18,000 രൂപയും കണ്ണാടിപ്പറമ്പ് സ്വദേശിയില്‍ നിന്ന് 15,20,000 രൂപയും തട്ടിയെന്നാണ് മയ്യില്‍ പോലീസിന് ലഭിച്ച പരാതി. കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍ തൃശൂര്‍ കുന്നത്ത് പീടികയില്‍ കെ.എം ഗഫൂര്‍, സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍മാരായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പില്‍ ഷൗക്കത്ത് അലി,  ആന്റണി, അര്‍ബന്‍നിധിയുടെ അസി ജനറല്‍ മാനേജര്‍ കണ്ണൂര്‍ സ്വദേശി ജീന, എച്ച്.ആര്‍ മാനേജര്‍ പ്രഭീഷ്, ബ്രാഞ്ച് മാനേജര്‍ ഷൈജു എന്നിവര്‍ക്കെതിരെയാണ് കേസ്.
തലശേരി സ്വദേശി ഡോ.ദീപക് ഉള്‍പ്പെടെ ഉള്ളവരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത ഗഫൂറും ഷൗക്കത്ത് അലിയും കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. കേസന്വേഷിക്കുന്ന ടൗണ്‍ സി.ഐ, പി.എ. ബിനു മോഹന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് തെളിവെടുപ്പ് ആരംഭിക്കും. അതിനിടെ
കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
നഗരത്തിലെ താവക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസില്‍ അസി. പോലീസ് കമ്മിഷണര്‍ ടി.കെ.രത്‌നകുമാര്‍, ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ.ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്.
കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അര്‍ബന്‍ നിധിയിലും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജീവനക്കാരുടെയും നിക്ഷേപകരുടെയും വിശദവിവരങ്ങളടങ്ങിയ ഫയലുകള്‍, പ്രധാന രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
സ്ഥാപങ്ങളിലെ കംപ്യൂട്ടറും വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിനു മോഹന്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന ജീവനക്കാരുടെ പരാതിയിലാണ് എനി ടൈം മണിയില്‍ പരിശോധന നടത്തിയത്. അര്‍ബന്‍ നിധിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഏഴ് ഡയറക്ടര്‍മാരില്‍ മൂന്ന് പേര്‍ മാത്രമാണ് സജീവമായിട്ടുള്ളത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചിട്ടുണ്ട് നിക്ഷേപകരില്‍നിന്ന് വാങ്ങിയ പണം മറ്റ് ബിസിനസുകള്‍ക്ക് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം നൂറു കോടിയോളം രൂപയാണ് 140 നിക്ഷേപകരില്‍ നിന്നും സ്വകരിച്ചതിനു ശേഷം സ്വകാര്യ ധനകാര്യ സ്ഥാപനം മുങ്ങിയത്
അര്‍ബന്‍ നിധി കഌപ്തത്തിന്റെ മറവില്‍ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിലാണ് അന്വേഷണം.
കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി സ്ഥാപനത്തിനെതിരേ ഇതിനകം 22 പരാതികളാണ് ലഭിച്ചത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം ആറു പരാതികളുണ്ട്.
ഉയര്‍ന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുമായി സ്ഥാപനം ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ വഞ്ചിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ആദായ നികുതിയായി നല്‍കേണ്ടി വരുമെന്നും ഇതൊഴിവാക്കാന്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

12 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തത്. ഉയര്‍ന്ന പലിശ മോഹിച്ച് 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 20,000 മുതല്‍ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതല്‍ 34 ലക്ഷം വരെയുള്ള സ്ഥിര നിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്.
തലശേരിയിലുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടാത്തതിനാലാണ് നിക്ഷേപിച്ചവര്‍ പരാതിയുമായി രംഗത്തെത്തിയത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളില്‍ ചിലരുടെ അക്കൗണ്ടില്‍ പലിശ എത്തിയിരുന്നു. ഇതോടെ കമ്പനിയെ വിശ്വസിച്ച് പലരും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തു.
പിന്നീട് പറഞ്ഞ സമയത്ത് പണം ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പലരും സ്ഥാപനത്തിനെതിരേ രംഗത്തെത്തിയത്. ഇതിനിടെ തട്ടിപ്പിനിരയായവരും ജീവനക്കാരും കഴിഞ്ഞ ദിവസം സ്ഥാപനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News