Sorry, you need to enable JavaScript to visit this website.

നട്ടെല്ലുള്ള വനിത; ജസ്റ്റിസ് നാഗരത്‌നക്ക് ബിഗ് സല്യൂട്ട്

കേരള ഹൈക്കോടതിയിൽ ധാരാളം ജഡ്ജിമാരുണ്ട്. എന്നാൽ നിലപാടുകളുടെയും വിധിന്യായങ്ങളുടെയും പേരിൽ ഏറ്റവും ശ്രദ്ധേയനായ ന്യായാധിപനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചിയിലെ ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സമൂഹം നേരിടുന്ന മയക്കുമരുന്ന് വിപത്തിനെ കുറിച്ച് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിച്ചാൽ എല്ലാവർക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലാവും. ഇന്ത്യയെ നശിപ്പിക്കാൻ ഏറ്റവും എളുപ്പ വഴിയെന്താണ്? നമ്മുടെ യുവതലമുറയെ ഒന്നിനും കൊള്ളാത്തവരാക്കുക. അതിന് അവരെ മാരകമയക്കുമരുന്നിന് അടിപ്പെടുത്തുക. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്. യുട്യൂബിൽ തെരഞ്ഞാൽ ആർക്കും കേൾക്കാം. 
കോഴിക്കോട് മെഡിക്കൽ കോളേജ് വനിത ഹോസ്റ്റലിൽ ഒരു വിചിത്രമായ നിയമം നടപ്പാക്കിയത് അടുത്തിടെയാണ്. ഭാവി ഡോക്ടർമാർ അസമയത്തൊന്നും കറങ്ങേണ്ടതില്ലെന്നാണ് അധികൃതർ നൽകിയ മുന്നറിയിപ്പ്.  പെൺകുട്ടികളുടെ കാര്യത്തിൽ അതീവ ഉൽക്കണ്ഠയോടെ പുറപ്പെടുവിച്ച ഉത്തരവിൽ രാത്രി 9.30 കഴിഞ്ഞ് ഹോസ്റ്റലിലേക്ക് വരാൻ പാടില്ലെന്ന് പ്രത്യേകം വ്യക്തമാക്കിയിരുന്നു. ഈ നിയമത്തെപ്പറ്റിയുള്ള ജസ്റ്റിസിന്റെ കമന്റ് ഓർത്തു ചിരിക്കാനുള്ളതായിരുന്നു. പെൺകുട്ടികളെ ഉപദ്രവിക്കാൻ തക്കം പാർത്തിരിക്കുന്ന സമൂഹ വിരുദ്ധൻ മിസ്റ്റർ ബീനിനെ പോലെ രാത്രി ഒമ്പതരയാവാൻ വാച്ചിൽ നോക്കിയിരിക്കുകയാണെന്ന് വേണം ധരിക്കാൻ. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ പ്രതികരിക്കാറുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ കാര്യങ്ങൾ തിരിച്ചറിയുന്ന മലയാളി സമൂഹത്തിന് ഇഷ്ടമാണ്. 
ഏത് ഇരുളടഞ്ഞ കാലത്തും ജനതക്ക് പ്രതീക്ഷക്ക് വക നൽകുന്നതാണ് ജുഡീഷ്യറിയുടെ ഇടപെടൽ. സുപ്രീം കോടതി ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം നോട്ട് റദ്ദാക്കൽ കേസുകളിൽ അംഗീകരിച്ച് വിധി പുറപ്പെടുവിച്ചപ്പോഴും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഒരു ജഡ്ജിയുണ്ടായെന്നത് ആശ്വാസമാണ്. ജസ്റ്റിസ് എസ്.എ. നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് നോട്ടുനിരോധന ഹരജികളിൽ വാദം കേട്ടത്. 
ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, ബി.വി. നാഗരത്ന, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ. 'നിയമവിരുദ്ധം' എന്നാണ് 2016 ലെ നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ നാഗരത്ന വിധിയിൽ വിശേഷിപ്പിച്ചത്. എന്റെ കാഴ്ചപ്പാടിൽ നവംബർ എട്ടിലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നിയമ വിരുദ്ധം ആണ്. നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാര പ്രയോഗമായിരുന്നു. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായ നടപടിയായിരുന്ന അത്. 
സർക്കാരിന്റെ ഒരു വിജ്ഞാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം. മറിച്ച്, പാർലമെന്റിൽ ഒരു നിയമ നിർമാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആർ.ബി.ഐയും കേന്ദ്ര സർക്കാരും ഹാജരാക്കിയ രേഖകൾ വ്യക്തമാക്കുന്നത് കേന്ദ്ര സർക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ്.  രേഖകളിൽ ഉപയോഗിച്ചിരിക്കുന്ന 'കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരം' എന്ന വാചകം വ്യക്തമാക്കുന്നത് റിസർവ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്നയുടെ വിധിയിലുണ്ട്. 
റിസർവ് ബാങ്ക് നിയമപ്രകാരം നോട്ട് നിരോധനത്തിനുള്ള ശുപാർശ റിസർവ് ബാങ്ക് ആണ് കേന്ദ്ര സർക്കാരിന് നൽകേണ്ടത്. അല്ലാതെ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമല്ല അത്തരമൊരു ശുപാർശ നൽകേണ്ടത്. എന്നാൽ ഇവിടെ നോട്ടുനിരോധനം നടപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് സർക്കാരിൽ നിന്നാണ്. അതുസംബന്ധിച്ച് റിസർവ് ബാങ്കിന്റെ അഭിപ്രായം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നവംബർ ഏഴിന് റിസർവ് ബാങ്കിന് കത്തെഴുതുകയായിരുന്നു. ആർ.ബി.ഐ നൽകിയ അഭിപ്രായം ശുപാർശയായി പരിഗണിക്കാനാവില്ലെന്നും ആർ.ബി.ഐ ആക്ട് ഉദ്ധരിച്ച് ജസ്റ്റിസ് നാഗരത്ന വിലയിരുത്തി. 
നോട്ട് നിരോധനത്തിന് ശുപാർശ നൽകാൻ ആർ.ബി.ഐക്ക് അധികാരം നൽകുന്ന അനുഛേദം 26 (2) ഏതാനും ചില സീരീസുകളിലുള്ള നോട്ടുകൾ പിൻവലിക്കുന്നതിനാണ്. അല്ലാതെ ഒരു പ്രത്യേക തുകയുടെ എല്ലാ സീരീസും പിൻവലിക്കുന്നതിനല്ലെന്നും അവർ പറഞ്ഞു. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാൻ ആർ.ബി.ഐക്ക് സാധിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു. നോട്ട് നിരോധനത്തിലൂടെ 98% നോട്ടുകളും മാറ്റിയെടുക്കാനായിട്ടുണ്ട്. എന്നാൽ ഇതിലൂടെ ലക്ഷ്യംവെച്ച കാര്യം സാധിക്കാനായിട്ടില്ലെന്ന് വ്യക്തമാണ്. 
കർണാടക ഹൈക്കോടതി ജഡ്ജിയെന്ന നിലയിലും അവർ തിളങ്ങിയിരുന്നു. കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചിട്ടാലും ഉച്ചക്കഞ്ഞി മുടക്കരുതെന്ന് നാഗരത്‌ന വിധിച്ചു.  ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 2012 ൽ ബി.വി. നാഗരത്ന പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. 
ഏത് പ്രക്ഷേപണ ചാനലിനും വിവരങ്ങൾ സത്യസന്ധമായി പ്രചരിപ്പിക്കേണ്ടത് അനിവാര്യമായിരിക്കേ, ബ്രേക്കിംഗ് ന്യൂസ്, ഫ്ളാഷ് ന്യൂസ് പോലുള്ള സെൻസേഷനലിസം നിയന്ത്രിക്കണമെന്നാണ് വിധിന്യായത്തിൽ പറഞ്ഞിരുന്നത്. പ്രക്ഷേപണ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്  സ്വയംഭരണവും നിയമാനുസൃതവുമായ സംവിധാനം രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണമെന്ന ആശയം സർക്കാരിന്റെയോ അധികാരങ്ങളുടെയോ നിയന്ത്രണമായി അർത്ഥമാക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കുകയും ചെയ്തു. 
2021 ൽ ആണ് ബി.വി. നാഗരത്ന സുപ്രീം കോടതി ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്. കർണാടക ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ബി.വി. നാഗരത്‌ന ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യത കൽപിക്കപ്പെടുന്നു. സീനിയോറിറ്റി പ്രകാരം 2027 ൽ ബി.വി. നാഗരത്ന ഇന്ത്യയുടെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് ആകും. എന്നാൽ 36 ദിവസം മാത്രമായിരിക്കും ബി.വി. നാഗരത്നക്ക് പദവിയിൽ തുടരാൻ സാധിക്കുക. അത് കഴിഞ്ഞാൽ ബി.വി. നാഗരത്ന വിരമിക്കും. 
ബംഗളൂരുവിൽ അഭിഭാഷകയായാണ്  നാഗരത്ന തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. 2008 ഫെബ്രുവരിയിൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതയായതോടെ ന്യായാധിപ ജീവിതവും ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം അവർ സ്ഥിരം ജഡ്ജിയായി. 1989 ൽ ഏതാണ്ട് ആറു മാസത്തോളം ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കിട്ട രാമയ്യയാണ് ജസ്റ്റിസ് നാഗരത്‌നയുടെ പിതാവ്. ഇന്ത്യക്കാർക്ക് ഭാഗ്യമുണ്ടെങ്കിൽ ഏതാനും വർഷങ്ങൾക്കകം അവർ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസാവും.  

Latest News