Sorry, you need to enable JavaScript to visit this website.

യു.പി പോലീസ് വിഷം നല്‍കും; പോലീസ് ആസ്ഥാനത്ത് ചായ നിരസിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ- ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍  പോലീസ് ആസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ചായ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നിരസിച്ചു. വിഷം നല്‍കുമോയെന്നു ഭയന്നാണ് അദ്ദേഹം ചായ നിരസിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെനിന്ന് ചായ കുടിക്കില്ലെന്നും തങ്ങള്‍ക്കായുള്ള ചായ വേറെ കൊണ്ടുവരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. പോലീസുകാരെ വിശ്വസിക്കുന്നില്ലെന്നും വിഷം നല്‍കുമോയെന്ന് ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സമാജ്‌വാദി പാര്‍ട്ടി അംഗം മനീഷ് ജഗന്‍ അഗര്‍വാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പോലീസ് ആസ്ഥാനത്ത് എത്തിയത്.
സമൂഹമാധ്യമങ്ങളില്‍ അനുചിതവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ ഇട്ടതിനാണ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. പോലീസ് ആസ്ഥാനത്ത് ഇരിക്കുമ്പോഴാണ് യാദവിന് ചായ വാഗ്ദാനം ചെയ്തത്.
പോലീസ് ആസ്ഥാനത്ത്  മുതിര്‍ന്ന  ഉദ്യോസ്ഥരെയൊന്നും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ ഓഫീസിനകത്ത് ആരും ഉണ്ടായിരുന്നില്ല. പോലീസ് ആസ്ഥാനത്ത് ആരുമില്ലെങ്കില്‍ യു.പിയിലെ ബാക്കി സ്ഥലങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാമെന്നും അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞായറാഴ്ചയാണെന്നും എന്നാല്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് തനിക്ക് ചായ വാഗ്ദാനം ചെയ്തുവെന്നും അത് കുടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കും നുണയും പറയുന്നവര്‍ക്കുമാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയെന്നും  അഖിലേഷ് ലഖ്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കാന്‍ കഴിയില്ല.  സത്യം പറയുന്നവര്‍ ശിക്ഷിക്കപ്പെടും. മറ്റുള്ളവര്‍ പ്രതികരിക്കാന്‍ വേണ്ടി ബി.ജെ.പി നേതാക്കള്‍ ബോധപൂര്‍വം നുണയും അപകീര്‍ത്തികരമായ ഭാഷയും ഉപയോഗിക്കുകയാണ്. ഇത് ഒരു ദിവസത്തെ മാത്രം കാര്യമല്ലെന്നും ഇതു തന്നെയാണ് തുടരുന്നതെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് പറഞ്ഞു.
അതിനിടെ, മനീഷ് ജഗന്‍ അഗര്‍വാളിനെതിരെ ഹസ്രത്ഗഞ്ച് കോട് വാലിയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സമാജ്‌വാദി പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിനെതിരെ ബിജെപി യുവമോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ ചുമതലയുള്ള റിച്ച രാജ്പുതും ജനുവരി നാലിന് കേസ് ഫയല്‍ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News