കോഴിക്കോട് - കലാകൈരളി നെഞ്ചേറ്റിയ 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം ആവേശകരമായ പരിസമാപ്തിയിലേക്ക് നീങ്ങവേ എച്ച്.എസ് വിഭാഗം അറബിക് സാഹിത്യോത്സവിൽ കലാകിരീടത്തിന് അവകാശികളായി മൂന്നു ജില്ലകൾ.
ആതിഥേയരായ കോഴിക്കോടും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും മുൻ ചാമ്പ്യൻമാരായ കണ്ണൂരുമാണ് 95 പോയിന്റ് വീതം വാങ്ങി ഒപ്പത്തിനൊപ്പം എത്തിയത്.
93 പോയിന്റുമായി രണ്ടാം സ്ഥാനത്തിനും അവകാശികളായി രണ്ടു ജില്ലകളുണ്ട്. എറണാകുളവും മലപ്പുറവും.
മൂന്നാംസ്ഥാനത്തിനും അവകാശികൾ രണ്ടുണ്ട്. കൊല്ലവും വയനാടും. ഇരു ജില്ലകൾക്കും 91 പോയിന്റ് വീതമാണ് ലഭിച്ചത്.
89 പോയിന്റ് ലഭിച്ച കാസർകോഡിനാണ് നാലാം സ്ഥാനം. അറബിക് സാഹിത്യോത്സവിൽ ആകെ 19 ഇനങ്ങളാണ് ഉണ്ടായിരുന്നത്. 19 ഇനങ്ങളിലും പൊരിഞ്ഞ മത്സരമാണ് നടന്നത്. ഒന്നിനൊന്ന് മികച്ചതായിരുന്നു മുഴുവൻ മത്സരങ്ങളുമെന്ന് വിവിധ മത്സങ്ങൾ നിർണയിച്ച വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.
മറ്റു ജില്ലകളുടെ പോയിന്റ് ഇപ്രകാരം:
തൃശൂർ - 87
തിരുവനന്തപുരം - 85
ആലപ്പുഴ - 85
കോട്ടയം - 83
ഇടുക്കി -75
പത്തനംതിട്ട - 60