- കലയുടെ കാൽചിലമ്പണിഞ്ഞ മണ്ണിൽ കപ്പടിക്കാൻ കോഴിക്കോടും കണ്ണൂരും ഇഞ്ചേടിഞ്ച്
കോഴിക്കോട് - രാവിനും പകലിനും എത്ര വർണ്ണങ്ങൾ! കലകൊണ്ട് കണ്ണെഴുതിയ സാമൂതിരിയുടെ മണ്ണിൽ കലാവിസ്മയങ്ങൾ കൊടുമുടി കയറിയപ്പോൾ അതിരാണിപ്പാടത്തെ മുഖ്യവേദിയിലേക്ക് ആവേശത്തോടെ ഒഴുകിയെത്തിയത് ജനസാഗരം.
കലയുടെ കാൽചിലമ്പണിഞ്ഞ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. നാട്യനാദ ലയമേളങ്ങളുടെ പ്രഭയിൽ കലയെ ജീവതാളമായി കണ്ടവരുടെ നിലയ്ക്കാത്ത ഒഴുക്കിനാണ് ഇന്ന് ഇശലിന്റെ ഈറ്റില്ലം സാക്ഷിയായത്.
കലയുടെ അഞ്ചു പകലിരവുകൾക്ക് നാളെ കൊടിയിറങ്ങാനിരിക്കെ അന്തിമ ഫലമറിയാൻ കലാകേരളം കണ്ണും കാതും കൊടുത്ത് കാത്തിരിക്കുകയാണ്. ആതിഥേയരായ കോഴിക്കോടും കരുത്തരായ കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും കടുത്ത വെല്ലുവിളി ഉയർത്തുന്നു.
ഓരോ ദിവസവും ഓരോ പ്രതീക്ഷകൾ നൽകിയാണിവിടത്തെ സൂര്യോദയവും സൂര്യാസ്തമയവും. മത്സരങ്ങൾ കാണാനും പകർത്താനും ആസ്വദിക്കാനും ഒപ്പം കലാതാരകങ്ങളെ പ്രോത്സാഹിപ്പിക്കാനുമെല്ലാം സംസ്ഥാനത്തിന്റെ ഭിന്ന ദിക്കുകളിൽനിന്നായി വൻ ജനപ്രവാഹമാണ്.
പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുമായി വിവിധ വേദികളിൽ എത്തിയത്. കലോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്തവിധം നിറഞ്ഞുകവിഞ്ഞിരുന്നു. രണ്ടാം വേദിയായ സമൂതിരി സ്‌കൂളിലെ 'ഭൂമി'യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വിദ്യാർത്ഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു. അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് അതിരാണിപ്പാടത്തെ സംഘനൃത്തം ആസ്വദിക്കാൻ ഇപ്പോഴും കലാസ്വാദകരുടെ ഒഴുക്കാണ്.
അതിനിടെ, സ്വർണക്കപ്പിനുള്ള പോരിൽ തുടക്കം മുതലേ മുന്നിട്ടുനിന്ന കണ്ണൂർ കരുത്തിനെ പിന്നിലാക്കി ഇന്ന് ഉച്ചയോടെ ആതിഥേയരായ കോഴിക്കോട് മുന്നിലെത്തി. തിരുവാതിര, നാടകം, കേരള നടനം ഉൾപ്പെടെയുളള ചില മത്സര ഫലങ്ങളാണ് കോഴിക്കോടിന് ഇന്ന് നിർണായകമായത്. 834 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോൾ കണ്ണൂരിന് 828 പോയിന്റാണുള്ളത്. 819 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ പാലക്കാടാണ് മൂന്നാംസ്ഥാനത്ത്. 814 പോയിന്റുമായി തൃശൂർ നാലാം സ്ഥാനത്തും 783 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്.
ചാംമ്പ്യൻ പട്ടത്തിനായുള്ള സ്‌കൂളുകളുടെ പോരാട്ടത്തിൽ തിരുവനന്തപുരം കാർമൽ ഗേൾസ് സ്‌കൂളിനെ പിന്തള്ളി പാലക്കാട് ജില്ലയിലെ ആലത്തൂർ ഗുരുകുലം സ്‌കൂളും കുതിപ്പ് തുടരുകയാണ്. അതിനിടെ, മേളക്ക് നാളെ കൊടിയിറങ്ങാനിരിക്കെ 78 അപ്പീലുകളിൽ തീരുമാനം കാത്തിരിക്കുകയാണ് മത്സരാർത്ഥികളും അവരെ പിന്തുണക്കുന്ന കലാപ്രവർത്തകരും. എന്നാൽ, ഇത് തടഞ്ഞിരിക്കുകയാണെന്നാണ് സംഘാടകർ പറയുന്നത്. ഇനി കോടതി ഇടപെടലുണ്ടായി ഫലം പ്രഖ്യാപിച്ചാലും ഓവർ ഓൾ പോയന്റിൽ ഉൾപ്പെടില്ല. ഇതാദ്യമായാണ് കോടതി അപ്പീലുമയി വരുന്നവരുടെ മത്സരഫലം തടയുന്നതെന്നും ആരോപണമുണ്ട്. അവസാന ദിനമായ നാളെ 11 മത്സരങ്ങളാണുള്ളത്. അതായത് കലാകിരീടം ആർക്കെന്നറിയാൻ അവസാന മത്സരഫലം വരേ കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.