Sorry, you need to enable JavaScript to visit this website.

ഗുണ്ടുകളും അമിട്ടുകളും പൊട്ടാൻ ഒരു രാവിന്റെ ദൂരം; വേദികളിലേക്ക് ആസ്വാദക പ്രവാഹം

കോഴിക്കോട് - ഗുണ്ടുകളും അമിട്ടുകളും പൊട്ടാൻ ഒരു രാവ് കൂടി ശേഷിക്കവെ കിരീട നേട്ടത്തിനുള്ള പോര് കനത്തു. മുഖ്യ വേദിയായ വിക്രം മൈതാനിയിൽ നടക്കുന്ന, മണ്ണിന്റെ മണവും നിണവുമണിഞ്ഞ നാടോടിക്കഥകളുടെ നൃത്തനൃത്യങ്ങളിലേക്ക് നാട് ഒഴുകുമ്പോഴും, സ്വർണക്കിരീടത്തിൽ മുത്തമിടാനുള്ള കണ്ണൂരിന്റെ കരുത്തിന് ഗതിവേഗം കുറഞ്ഞിട്ടില്ല. തൊട്ടുപിന്നാലെ ആതിഥേയരായ കോഴിക്കോടും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടും ഇഞ്ചോടിഞ്ച് പൊരുതുകയാണ്.

 നാടോടി നൃത്തത്തിന്റെയും സംഘനൃത്തത്തിന്റെയും കുച്ചുപ്പുടിയുടെയും തിരുവാതിരക്കളിയുടെയും ഭരതനാട്യത്തിന്റെയും കേരള നടനത്തിന്റെയും പൂരക്കളിയുടെയും അറബി സംഘഗാനത്തിന്റെയും ഇമ്പമാർന്ന ലഹരിയിലേക്കാണ് 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ നാലാംദിവസമായ ഇന്ന് നഗരി ഉണർന്നത്. 

 നടന കൗമാരങ്ങൾ മലബാറിന്റെ നടുമുറ്റത്ത് ആസ്വാദനത്തിന്റെ പുത്തൻ കാഴ്ചകൾ സമ്മാനിക്കുമ്പോൾ ആർപ്പുവിളിച്ചും നിറഞ്ഞ കൈയടിയുമായി തിളച്ചുമറിയുകയാണ് സദസ്സ്. ഇശലകളുടെ, മധുരത്തിന്റെ, സംസ്‌കാരത്തിന്റെ ചരിത്രഭൂമികയിൽ കലോത്സവത്തിന്റെ 24 വേദികളും കടുത്ത വെയിലിലും ആസ്വാദകപ്രവാഹത്താൽ നിറയുകയാണ്. നിറഞ്ഞ സദസ്സും കലവറയില്ലാത്ത പിന്തുണയും ഓരോ വേദികളെയും ആഘോഷത്തിന്റെ ഉച്ഛസ്ഥായിയിലെത്തിക്കുന്നു. 

 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതോടെ രാവിലെ മുതലേ കലോത്സവ വേദികളിലേക്ക് വൻ ജനപ്രവാഹമാണ്. ഉച്ചയ്ക്കുശേഷം ഇതിനേക്കാളേറെ കലാസ്വാദകർ കുടുംബസമേതം നഗരിയിലെത്തുമെന്നാണ് പ്രതീക്ഷ. 
 239 ഇനങ്ങളിൽ 174 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 683 പോയിൻറുമായാണ് കണ്ണൂർ ജില്ല മുന്നേറ്റം തുടരുന്നത്. 679 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്.

651 പോയിന്റുമായി തൃശൂർ മൂന്നാമതും 642 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്തുമാണ്. സ്‌കൂൾ തലത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ്സാണ് 122 പോയിന്റുമായി മുന്നിലുള്ളത്. പാലക്കാട് ഗുരുകുലം സ്‌കൂൾ 111 പോയിന്റുമായി രണ്ടാം സ്ഥാനത്തും 98 പോയിന്റുമായി കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുന്നു. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 96ൽ 69ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 78, ഹൈസ്‌കൂൾ അറബിക് 19ൽ 14, ഹൈസ്‌കൂൾ സംസ്‌കൃതം 19ൽ 13ഉം ഇനങ്ങളാണ് ഇതുവരെയായി പൂർത്തിയായത്.
 

Latest News