Sorry, you need to enable JavaScript to visit this website.

നിങ്ങള്‍ രാമക്ഷേത്രത്തിലെ പൂജാരിയാണോ? അമിത് ഷായോട് ചോദ്യങ്ങളുമായി മല്ലികാര്‍ജന്‍ ഖാര്‍ഗെ

ന്യൂദല്‍ഹി- അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യപൂജാരിയാണോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മന്ത്രി ക്ഷേത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.
ഹരിയാനയിലെ പാനിപ്പത്തില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത ബിജെപി സര്‍ക്കാര്‍ പൊതു ജനങ്ങളുടെ ശ്രദ്ധ തരിച്ചുവിടാനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ പോയി അമിത് ഷാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിനാണെന്ന് പ്രഖ്യാപിക്കുന്നു. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ എന്തിനാണ് തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നത്-ഖാര്‍ഗെ ചോദിച്ചു.
നിങ്ങളാണോ രാമക്ഷേത്രത്തിന്റെ പൂജാരി? നിങ്ങളാണോ രാമക്ഷേത്രത്തിന്റെ മഹന്ത്? ക്ഷേത്രഭാരവാഹികള്‍ അതിനെക്കുറിച്ച് സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ ആരാണ് നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിര്‍ത്തുക, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുക എന്നിവയാണ് നിങ്ങളുടെ ജോലി-ഖാര്‍ഗെ അമിത് ഷായെ ഓര്‍മിപ്പിച്ചു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടന്നില്ല. വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അത് സംഭവിച്ചോയെന്നും ഖാര്‍ഗെ ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News