ന്യൂദല്‍ഹി- കോവിഡ് ബാധ പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പഠനം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എ.ഐ.ഐ.എം.എസ്) ഗവേഷകരാണ് 30 പുരുഷന്മാരില്‍ നടത്തിയ പഠനമനുസരിച്ച് ഇക്കാര്യം കണ്ടെത്തിയത്.
കോവിഡ് അണുബാധ വൃഷണ കോശങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്‍ജിയോടെന്‍സിന്‍ കണ്‍വെര്‍ട്ടിംഗ് എന്‍സൈം2 റിസപ്റ്റര്‍ (എ.സി.ഇ 2) വഴി കോശങ്ങളുടെ നാശത്തിന് കാരണമാകുമെന്നാണ് പട്‌ന എയിംസിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെടുന്നത്.
അതേസമയം, ബീജത്തിന്റെ രൂപീകരണത്തിലും പ്രത്യുല്‍പാദന സാധ്യതയിലും കൊറോണ വൈറസിന്റെ സ്വാധീനത്തെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായത്.
പുരുഷന്മാരുടെ ബീജത്തില്‍ കോവിഡിന്റെ സാന്നിധ്യമാണ് പരിശോധിച്ചതെന്ന് ക്യൂറസ് ജേണല്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ബീജത്തിന്റെ ഗുണനിലവാരത്തിലും ബീജത്തിന്റെ ഡിഎന്‍എ വിഘടന സൂചികയിലും രോഗത്തിന്റെ സ്വാധീനം ഗവേഷകര്‍ വിശകലനം ചെയ്തു. 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ എയിംസ് പട്‌ന ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത 19-45 പ്രായമുള്ള 30 കോവിഡ് പുരുഷ രോഗികളിലാണ് പഠനം നടത്തിയത്.
എല്ലാ ബീജ സാമ്പിളുകളിലും തത്സമയ റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് ടെസ്റ്റ് നടത്തിയെന്നും ബീജത്തിന്റെ ഡിഎന്‍എ ഫ്രാഗ്മെന്റേഷന്‍ സൂചിക ഉള്‍പ്പെടെയുള്ള വിശദമായ ബീജ വിശകലനം നടത്തിയെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.
ആദ്യ സാമ്പിളിന്റെ 74 ദിവസത്തിന് ശേഷം രണ്ടാമത്തെ സാമ്പിള്‍ നേടുകയും എല്ലാ പരിശോധനകളും ആവര്‍ത്തിക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. മംഗളൂരു എയിംസിലേയും ദല്‍ഹി എയിംസിലെയും ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)