Sorry, you need to enable JavaScript to visit this website.

ഇല്ലാത്ത സമ്മാനം കൈപ്പറ്റാന്‍ യുവതി നല്‍കിയത് എട്ടര ലക്ഷം, ഒടുവില്‍ ഫെയ്‌സ് ബുക്ക് സുഹൃത്തിന് പിടി വീണു

പാലക്കാട്:    ഒരു കോടി രൂപ വിലയുള്ള സമ്മാനം അയച്ചുവെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് സുഹൃത്ത് ചതിച്ചപ്പോള്‍ യുവതിക്ക് നഷ്ടപ്പെട്ടത് എട്ടര ലക്ഷം. ഒടുവില്‍ സുഹൃത്തിനെ മുംബൈയില്‍ നിന്ന് പോലീസ് പിടികൂടി.  ഇല്ലാത്ത സമ്മാനത്തിന് കസ്റ്റംസ് ഡ്യൂട്ടി വേണമെന്ന് പറഞ്ഞായിരുന്നു മുംബൈ സ്വദേശിയായ സുഹൃത്തിന്റെ തട്ടിപ്പ്. പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി.  മുംബൈ ജിടിബി നഗര്‍ സ്വദേശി ദിപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് പാലക്കാട് കസബ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവും സംഘവും ചേര്‍ന്ന് മുബൈയില്‍ നിന്ന് അതിവിദഗ്ധമായി പിടികൂടിയത്.
2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു.ആദ്യമൊന്നും യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നീട്  സ്ഥിരമായി ചാറ്റ് ചെയ്ത് യുവാവ്,  യുവതിയെ വലയില്‍ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ നേരില്‍ കാണാമെന്നും ഉറപ്പു നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

താന്‍ നാട്ടിലേക്ക് വരുന്നതിനു മുന്‍പായി ഒരു കോടി രൂപ വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. കസ്റ്റംസിന്റെ കൈയില്‍ നിന്നും അത് നേരിട്ട് വാങ്ങണമെന്ന് പറഞ്ഞ ഇയാള്‍, ആ സമ്മാനം കൈപ്പറ്റാന്‍ കസ്റ്റംസിന് പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു.

ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താന്‍ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും  അതുകൊണ്ട് 8.5 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനിടെ കസ്റ്റംസ് ഓഫീസില്‍ നിന്നാണെന്നും പറഞ്ഞ് മറ്റൊരാള്‍ വിളിച്ചു. നിങ്ങള്‍ക്ക് സ്വര്‍ണവും വജ്രവും അടങ്ങിയ സമ്മാനമുണ്ടെന്നും എട്ടര ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതോടെ സംഭവം വിശ്വസിച്ച യുവതിരണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു കൊടുത്തു. എന്നാല്‍ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടര്‍ന്നാണ് യുവതി കസബ പോലീസില്‍ പരാതിയുമായി എത്തിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.

ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് യുവതിയെ പ്രതി കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുല്‍ ഹമീദ്. എ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കസബ ഇന്‍സ്‌പെക്ടര്‍ രാജീവ്  എന്‍ എസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജഗ്മോഹന്‍ ദത്ത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കാജാഹുസൈന്‍, നിഷാദ്, മാര്‍ട്ടിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മുബൈയില്‍ പോയി പ്രതിയെ പിടികൂടിയത്. ഈ കേസ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍ എസ് അറിയിച്ചു.

 

 

Latest News